rubber

കോട്ടയം : കർഷക പ്രതീക്ഷകൾ തകിടംമറിച്ച് കിലോയ്ക്ക് 252 വരെ ഉയർന്ന റബർ വില ഒരു മാസത്തിനുള്ളിൽ 190 ലേക്ക് നിലംപൊത്തി. റെയിൻ ഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് സജീവമാക്കിയ പലർക്കും ഇതോടെ കൈപൊള്ളി. വ്യവസായികൾ നേരത്തേ ബുക്ക് ചെയ്ത ഇറക്കുമതി റബർ കപ്പൽ, കണ്ടെയ്നർ ക്ഷാമം കാരണം എത്താൻ വൈകിയിരുന്നു. ഒന്നിച്ച് രണ്ടു ലക്ഷം ടണ്ണോളം റബർ എത്തിയതാണ് വിലയിടിവിന് കാരണം. ആവശ്യത്തിന് സ്റ്റോക്കുള്ളതിനാൽ വ്യവസായികൾ വിപണിയിൽ നിന്ന് വിട്ടു നിന്നു. വിദേശ റബർ വിലയും കുറഞ്ഞതോടെ ആഭ്യന്തര വില ഇടിക്കാനുള്ള കളികളാണ് വ്യവസായ ലോബി നടത്തുന്നത്. ഉത്പാദനം കൂടുകയും ആവശ്യം കുറയുകയും ചെയ്താൽ വില ഇനിയും ഇടിയും. 150 ലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല. വിറ്റുവരവുമായി തട്ടിക്കുമ്പോഴാണ് കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്നത്. ഇടയ്ക്ക് വില വർദ്ധിച്ചതോടെ ടാപ്പിംഗ് കൂലിയും വർദ്ധിപ്പിച്ചു. അതേസമയം റബർ അധിഷ്ഠിത വ്യവസായിക ഉത്പന്നങ്ങൾക്ക് വിലകൂടുകയാണ്.

ചില്ലറയല്ല അദ്ധ്വാനം, കിട്ടുന്നതോ...
ഒരു ഹെക്ടറിൽ 450 മരങ്ങൾ കൃഷി ചെയ്യാം. ടാപ്പ് ചെയ്യാൻ ഏഴുവർഷം വളർച്ച വേണം. കുഴികുത്തി നല്ലയിനം തൈ നട്ടുപിടിപ്പിച്ച് കാട് തെളിച്ച് വളമിട്ട് പരിപാലിച്ച് ആദായം എടുക്കുമ്പോൾ മുടക്കുമുതലുമായി ഒത്തുനോക്കിയാൽ നഷ്ടക്കണക്കാണ്. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 200 രൂപയാകും. മഴക്കാലത്ത് ഒരു മരത്തിൽ ഗാർഡ് ഘടിപ്പിക്കുന്നതിന് 50 രൂപ ചെലവാകും. വളത്തിനും ആസിഡിനും വില കൂടി. ഒരു വർഷത്തെ പരിപാലനത്തിന് മാത്രം 1.5 ലക്ഷത്തിലേറെ രൂപയാണ് ചെലവ്.

ആഗസ്റ്റിൽ ഇറക്കുമതി ചെയ്തത് : 95000 ടൺ റബർ

വ്യവസായികൾ രണ്ടാഴ്ചയായി റബർ എടുക്കുന്നില്ല

അന്താരാഷ്ട്ര വിലയിലും ഇടിവ് രേഖപ്പെടുത്തി

തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ വിപണികളിലും തിരിച്ചടി

''കുത്തനെ ഉയർന്ന ശേഷം വില ഇടിയുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. ചെലവ് കാശ് കിട്ടാത്ത ഗുരുതര സ്ഥിതിയായി. ലാറ്റക്സിനു പകരം കൂടുതൽ വിലയ്ക്കായി ഷീറ്റിലേക്ക് തിരിയാൻ കർഷകരെ ഉപദേശിച്ച റബർ ബോർഡ് കാഴ്ചക്കാരായി നിൽക്കാതെ അടിയന്തര ഇടപെടൽ നടത്തണം

(തോമസ് ജോൺ, കർഷകൻ )