
കുടിവെള്ളം പോലുമില്ലാതെ പരാധീനതകളിൽ വീർപ്പുമുട്ടുന്ന പൊൻകുന്നം  സ്റ്റേഷനിലെ പൊലീസുകാരുടെ ദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്ന ആവശ്യം ശക്തമാകുന്നു. മൂന്നുകിലോമീറ്റർ അകലെയുള്ള  കിണറ്റിൽനിന്ന് ജാറിൽ ശേഖരിച്ച് പൊലീസ് ജീപ്പിലാണ് വെള്ളം കൊണ്ടുവരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥർ ആരോട് പരാതി പറയും എന്നാണ് ഉയരുന്ന ചോദ്യം.
''നാഥനില്ലാ കളരി പോലെയാണ് പൊലീസ് സംവിധാനം. എല്ലുമുറിയെ പണിയെടുത്ത് കഷ്ടപ്പെടുന്നവവർക്ക് ദുരിതങ്ങൾ മാത്രം ബാക്കി. അവർക്ക് പരാതി പറയാൻ ഒരു വേദിപോലുമില്ല. സ്വാതന്ത്ര്യവുമില്ല. മേലുദ്യോഗസ്ഥരെ ഇത്രയധികം ഭയപ്പെടുന്നവർ മറ്റൊരു വകുപ്പിലുമില്ല. പൊൻകുന്നം സ്റ്റേഷനിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്.
ടോമി ഡോമിനിക്, പ്രസിഡന്റ് , വ്യാപാരി വ്യവസായി ഏകോപന സമിതി പൊൻകുന്നം.
''ഗതാഗത സംവിധാനം കുറ്റമറ്റതാക്കേണ്ടത് പൊലീസിന്റെ മാത്രം ചുമതലയല്ല. പൊതുമരാമത്ത് വകുപ്പിനും മോട്ടോർ വാഹന വകുപ്പിനും പ്രാദേശിക ഭരണ കേന്ദ്രങ്ങൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. പൊലീസിന് ജോലിഭാരം കൂട്ടുന്നത് ട്രാഫിക്കിലെ പ്രശ്നങ്ങളാണ്. മറ്റ് വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഇത് പകുതിയായി കുറയും. ക്രമസമാധാനപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും കഴിയും.
കെ.എസ്.ജയകൃഷ്ണൻനായർ,സെക്രട്ടറി,ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
''ക്രമസമാധാനപാലനത്തിനായി 24 മണിക്കൂറും പ്രവർത്തികുന്ന ഒരു സ്ഥാപനമാണ് പൊലീസ് സ്റ്റേഷൻ. ഇവിടെ മറ്റ് സർക്കാർ ഓഫീസുകളിലേതിനേക്കാൾ കൂടുതലായി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. അടിസ്ഥാനസൗകര്യങ്ങൾ പൂർണ്ണമായിരിക്കണം. ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് ഒരു കുറവും ഉണ്ടാകാൻ പാടില്ല. കാരണം അവർ പൊതുജനത്തിന്റെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്നവരാണ്.
പി.മോഹൻ റാം, ചിറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ അംഗം.
''പണ്ട് ജനത്തിന് പൊലീസിനെ ഭയമായിരുന്നു. ഇന്ന് നേരെ തിരിച്ചാണ്. പൊലീസിന് ജനത്തിനെ ഭയമാണ്. ഈ രീതി മാറണം. അതിനുകാരണം ഒരു പരിധിവരെ രാഷ്ട്രീയമാണ്. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതെ പൊലീസിനെ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കണം.അതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കികൊടുക്കേണ്ടത് സർക്കാരാണ്.
പി.എ.ഷിഹാബുദ്ദീൻ, പൊതു പ്രവർത്തകൻ.