
കോട്ടയം : മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകൾ മാളത്തിന് പുറത്തിറങ്ങാൻ തുടങ്ങിയതോടെ ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്. പാമ്പുകളുടെ ഇണചേരൽ സമയമായതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. മലയോര, പടിഞ്ഞാറൻ മേഖലകളിലെ നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടികൂടി. പാടശേഖരങ്ങളും റബർ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി. പ്രളയത്തിന് ശേഷം വനമേഖലയിൽ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്പുകൾ നാട്ടിൻപുറത്തെത്തി. പുഴയോരത്തും മറ്റും ഒട്ടേറെ അപരിചിത ഇനത്തിലുള്ള പാമ്പുകളെ കാണുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. പ്രളയത്തിൽ പുഴയോരത്തെയും സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങൾ മൂടിയതോടെ പാമ്പുകൾ പുറത്തുചാടുന്നതും പതിവായി. കടിയേൽക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു.
ഒക്ടോബർ മുതൽ പ്രജനന കാലം
ഒക്ടോബർ മുതൽ പാമ്പുകളുടെ പ്രജനന കാലമാണിത്. ഇണചേരൽ കാലത്ത് പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ തേടിയിറങ്ങുന്ന സമയം. ചൂടുകൂടിയാൽ ശീതരക്തമുള്ള പാമ്പുകൾ ശരീരത്തിലെ താപനില നിലനിറുത്താൻ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്താൽ ആഞ്ഞുകൊത്തും. പാമ്പുകളെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വോളണ്ടിയർമാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സർപ്പ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
വീടും പരിസരവും വൃത്തിയാക്കാം
മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക
മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും ശ്രദ്ധിക്കണം
ആൾ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്ക് പാമ്പുകൾ ഇര തേടിയിറങ്ങും