neyth

കോട്ടയം : സ്വപ്‌നം പേറിയ നൂലിഴകളുടെ ശബ്ദം മുഴങ്ങിയിരുന്ന നെയ്ത്തുശാലകളിൽ നിന്ന് ഇന്ന് ഉയരുന്നത് ശമ്പളത്തിനായുള്ള നിലവിളിയാണ്. 8 മാസമായി ജില്ലയിലെ നെയ്ത്ത് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. 80,000 രൂപ വീതമാണ് ലഭിക്കാനുള്ളത്. മേഖലയെ ആശ്രയിച്ച് കഴിയുന്നത് നിരവധി സ്ത്രീ ജീവനക്കാരാണ്. ഖാദിബോർഡാണ് ശമ്പളം കൊടുക്കേണ്ടത്. ഒരു മാസം തൊഴിലാളികൾക്ക് ലഭിക്കുന്ന വരുമാനം 3000 രൂപയിൽ താഴെയാണ്. ഒരു ദിവസം 8000 രൂപയുടെ ഉത്പന്നങ്ങൾ നെയ്തെടുക്കും. അധിക വരുമാനം സർക്കാരിലേക്ക് അടയ്ക്കും. പിന്നീടിത് ഡി എ, പൂരക വരുമാനം എന്നിങ്ങനെയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. കേന്ദ്രങ്ങളിൽ എല്ലാ ദിവസവും ഉത്പാദനം നടക്കുന്നുണ്ട്. നെയ്‌തെടുക്കുന്ന തുണികൾ ഖാദി പ്രോജക്ട് ഓഫീസിലേക്കും ഖാദി ഭവനിലേക്കുമാണ് കൊണ്ടുപോകുന്നത്.

ജില്ലയിൽ 16 കേന്ദ്രങ്ങൾ
ഉദയനാപുരം, മുട്ടുചിറ, ഇരവിനെല്ലൂർ, അമയന്നൂർ, ആറുമാനൂർ, പാമ്പാടി, കളത്തൂർ, നെടുംകുന്നം, ചിറക്കടവ്, കളത്തൂർ, കിടങ്ങൂർ, മണിമല, വാഴൂർ, നട്ടാശേരി, പേരൂർ, ബ്രഹ്മമംഗലം, കല്ലറ എന്നിങ്ങനെ 16 നെയ്ത്ത് കേന്ദ്രങ്ങളാണുള്ളത്. 400 തൊഴിലാളികളാണ് മേഖലയിലുള്ളത്.

കൂലിയില്ലെങ്കിലും കടുംപിടിത്തം

ഓരോ തൊഴിലാളിക്കും നിശ്ചിത ടാർഗറ്റ്

പ്രവർത്തനം മുടങ്ങിയാൽ അന്ന് വേതനമില്ല

 നൂൽ നെയ്യാൻ പഞ്ഞി പണം കൊടുത്ത് വാങ്ങണം

മാസശമ്പളം ഒന്നിച്ച് തരണമെന്നാണ് ആവശ്യം

''ഓണം വരെയുള്ള 14 മാസത്തെ കുടിശിക സെപ്തംബറിലാണ് ലഭിച്ചത്. വേതനം കൃത്യമായി ലഭിക്കാത്തതിനാൽ മറ്റ് ജോലികളെ ആശ്രയിക്കണം. മറ്റൊരു പ്രതിസന്ധി ടാർജറ്റാണ്.

-(വിജിമോൾ, തൊഴിലാളി).

''മറ്റു തൊഴിലൊന്നും അറിയാത്തതുകൊണ്ടു മാത്രമാണ് ഈ ജോലി ചെയ്യുന്നത്. കൈത്തറി മേഖലയിൽ ജോലി സ്ഥിരതയോ, യഥാസമയം കൂലിയോ കിട്ടുന്നില്ല. ഞങ്ങൾ അസംഘടിതരായതുകൊണ്ട് ഞങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ല'

-(സിന്ധു , തൊഴിലാളി)