കുടക്കച്ചിറ -ഉഴവൂർ- കലാമുകളം റോഡ് തകർന്നു
കുടക്കച്ചിറ: ഇത് റോഡാണോ അതോ ചെളിക്കുളമാണോ... യാത്രക്കാർ അങ്ങനെ സംശയിച്ചാൽ തെറ്ര് പറയാൻ കഴിയില്ല. കുടക്കച്ചിറ ഉഴവൂർ കലാമുകളം റോഡിന്റെ കോലം ആ തരത്തിലാണ്.ആകെത്തകർന്ന റോഡിലൂടെ പാറമടകളിൽ നിന്നുള്ള കല്ലുമായി ടിപ്പറുകൾ പായുന്നുണ്ട്. കാൽനടയാത്ര പോലും അസാധ്യം. വാഹനയാത്രയുടെ കാര്യം പിന്നെ പറയണോ!. റോഡ് തകർന്നതോടെ പാറമടകൾക്കെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. സമീപകാലത്ത് റോഡിലെ ചെളിക്കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേറ്റ സംഭവമുണ്ടായി. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ കാൽനടയായി യാത്ര ചെയ്യുന്ന വഴിയാണിത്. ടിപ്പർ ഓടുന്നത് മൂലം ഈ റോഡിൽ കൂടി സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ് ഇപ്പോൾ നാട്ടുകാർ.
പരാതി ഉന്നയിച്ചിട്ടും നടപടിയില്ല
ആറ് മീറ്റർ വീതിയിലുള്ള പി.ഡബ്ലി.യു.ഡി റോഡ് തകർന്നതോടെ പ്രദേശവാസികളിൽ നിന്ന് പരാതി ഉയർന്നിരുന്നു. സമരം നടത്തിയിട്ടും കരൂർ പഞ്ചായത്ത് ഭരണസമിതിയും മറ്റധികാരികളും ഇതെല്ലാം അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി സ്‌കൂൾ വാഹനങ്ങൾ ഈ വഴി കഷ്ടപ്പെട്ട് സഞ്ചരിക്കുന്നുണ്ട്. കനത്ത മഴയിൽ പാറമടയിൽ നിന്നും ഒഴുകിയെത്തുന്ന രാസവസ്തുക്കളും വിഷാംശവും സമീപത്തെ കിണറുകളെ മലിനമാക്കുന്നതായും സ്ഥലവാസികൾ പറയുന്നു.
പ്രവർത്തനം എത്രയും വേഗം നിർത്തണം
കുടക്കച്ചിറ ഭാഗത്തെ പാറമടകളിൽ നിന്നുള്ള ടിപ്പറുകളുടെ പാച്ചിലാണ് റോഡ് തകരാൻ കാരണം. പാറമടകൾ എത്രയുംവേഗം അടച്ചുപൂട്ടണം.
ജോർജ്ജ് പുളിങ്കാട്, യു.ഡി.എഫ് പാലാ നിയോജകമണ്ഡലം കൺവീനർ
ഫോട്ടോ അടിക്കുറിപ്പ്
ടിപ്പറുകളുടെ ഓട്ടം മൂലം തകർന്ന കുടക്കച്ചിറ കലാമുകുളം ഉഴവൂർ റോഡ്.