ftbl

കോട്ടയം : പതിനൊന്ന് ഒളിമ്പ്യന്മാർ ഉൾപ്പെടെ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത എം.ജി സർവകലാശാലയ്ക്ക് ഫിഫ നിലവാരത്തിലുള്ള ഫുട്ബാൾ കോർട്ട് സ്വന്തമാകുന്നു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2.74 കോടി രൂപ ചെലവഴിച്ച് സർവകലാശാലാ സ്റ്റേഡിയത്തിലാണ് നാച്വറൽ ടർഫ് ഫ്ലഡ്‌ലിറ്റ് കോർട്ട് നിർമ്മിച്ചത്. 22 ന് രാവിലെ 10.30ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. റെജി സക്കറിയ,ഡോ. ബിജു തോമസ്, രജിസ്ട്രാർ ഡോ.ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. നാക് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ ഡബിൾ പ്ലസ് ഗ്രേഡ്‌നേടിയ സർവകലാശാലയെ ചടങ്ങിൽ ആദരിക്കും.

രാജ്യാന്തര മത്സരങ്ങൾ നടത്താനാകും
അണ്ടർഗ്രൗണ്ട് സ്പ്രിംഗ്ലർ, ഡ്രെയിനേജ് സംവിധാനങ്ങൾ കോർട്ടിലുണ്ട്. 105 മീറ്ററാണ് നീളം, 65 മീറ്റർ വീതിയും. രാജ്യാന്തര ഫുട്‌ബാൾ മത്സരങ്ങൾ വരെ നടത്താനാകും. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണം നിർവ്വഹിച്ചത്. കിഫ്ബി ഫണ്ടിൽനിന്ന് 57 കോടി രൂപ ചെലവഴിച്ച് സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മാണവും നടക്കും.

''1983 മുതൽ കായിക മേഖലയിൽ സർവകലാശാല നിലനിറുത്തുന്ന മികവിനുള്ള അംഗീകാരമെന്നോണം സംസ്ഥാന സർക്കാർ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കിവരികയാണ്.

-(ഡോ.സി.ടി അരവിന്ദകുമാർ , വൈസ് ചാൻസലർ)