കോട്ടയം: കുറിച്ചി പഞ്ചായത്തിലെ എണ്ണക്കച്ചിറകുളം 166ാം നമ്പർ അംഗൻവാടിക്കായി സർവേയിൽ തന്നെ പ്രത്യേകം തിരിച്ചിട്ടിരിക്കുന്ന സ്ഥലം വിട്ടുകൊടുക്കണമെന്ന് എണ്ണക്കച്ചിറ അംഗൻവാടി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. സർവ്വേ മാപ്പ് പ്രസിദ്ധീകരിച്ചതിൽ അംഗൻവാടിക്കായി സ്ഥലം നീക്കി വച്ചിട്ടുണ്ട്. ഈ സ്ഥലം അനുവദിച്ച് കൊടുക്കുവാൻ അധികാരികൾ തയ്യാറാവുന്നില്ല. ഇതിനായി പഞ്ചായത്ത്, ജില്ലാ കളക്ടർ, എം.എൽ.എ എന്നിവർക്ക് നിവേദനം സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു. സ്ഥലം കൈമാറിക്കിട്ടിയാൽ സാമൂഹ്യ ക്ഷേമ വകുപ്പ് കെട്ടിടം നിർമിച്ചു നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. സ്ഥലം കെട്ടിടം പണിക്ക് മുമ്പായുള്ള അടിസ്ഥാന സൗകര്യമൊരുക്കുവാൻ തദേശവാസികൾ തയ്യാറാവും. രാജൻ ഇല്ലിപ്പറമ്പിൽ കൺവീനറായി സംരക്ഷണ സമിതിയും രൂപീകരിച്ചു. സംരക്ഷണ സമിതി യോഗം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സി.ജെ ബിജോയ് അദ്ധ്യക്ഷതവഹിച്ചു. ടി.എസ് സലിം മുഖ്യ പ്രസംഗം നടത്തി. ഡോ.ബിനു സച്ചിവോത്തമപുരം, മുൻ പഞ്ചായത്ത് മെമ്പർ എൻ.റ്റി ബാലകൃഷ്ണൻ, പി.പി മോഹനൻ, രാജൻ ഇല്ലിപ്പറമ്പിൽ, ബാബുരാജ് ചലുമാട്ടുതറ, പി.പി വർഗീസ്, ലീലാമ്മ ജോസഫ്, എബ്രഹാം ജോൺ എന്നിവർ പങ്കെടുത്തു.

നിലവിലെ സ്ഥിതി
പിന്നോക്ക വിഭാഗങ്ങളടക്കം 140 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്.
നിലവിൽ ഒന്നര കിലോ മീറ്റർ അകലെ വളരെ ഉയരത്തിലുള്ള വീടിന്റെ ചാർത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്.
കുട്ടികൾ ദൂരെയുള്ള അംഗൻവാടികളിലും നഴ്‌സറികളിലുമാണ് പഠിക്കുന്നത്.
അംഗൻവാടി നിർമ്മിക്കുമെന്ന് പല പ്രാവശ്യം അധികൃതർ വാഗ്ദാനം നൽകിയിട്ടുണ്ട്.