
കറുകച്ചാൽ: കൊടുവളവ് തിരിഞ്ഞെത്തുന്നത് നേരെ കുഴിയിലേക്ക്. ഇവിടെ ഏത് സമയവും അപകടം സംഭവിക്കാമെന്ന സ്ഥിതിയാണ്. കറുകച്ചാൽ മണിമല റോഡിൽ നെടുമണ്ണിയിലെ കൊടുംവളവിലാണ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് അപകടക്കുഴി രൂപപ്പെട്ടത്. കുഴി രൂപപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും നാളിതുവരെ പരിഹരിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.
നിരവധി ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്ന ഭാഗമാണിത്. പല തവണ പരാതി നൽകിയിട്ടും ഇതുവരെ കുഴി അടയ്ക്കാൻ നടപടിയുണ്ടായില്ല. ഇവിടെ ഉറവജലമുള്ളതാണ് ഒരു ഭാഗം മാത്രമായി തകരാനുള്ള കാരണം. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ നേരെ കുഴിയിലേക്കാണ് ചാടുന്നത്. സ്ഥലം അറിയാവുന്നവർ വഴിമാറി പോകും. ഇപ്പോൾ ഒരുഭാഗത്തു കൂടെ മാത്രമാണ് ഗതാഗതം. ദിവസങ്ങൾക്ക് മുൻപ് സ്‌കൂട്ടർ യാത്രികൻ റോഡിൽ വീണ് പരിക്കേറ്റിരുന്നു.
പരിഹാരം കാണാതെ
രാത്രികാലങ്ങളിൽ റോഡ് പരിചയമില്ലാതെ എത്തുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. റോഡിൽ വഴിവിളക്കുകൾ തെളിയാത്തതും അപകടത്തിന് ഇടയാക്കുന്നു. അപകസാദ്ധ്യതകൾ ഒഴിവാക്കുന്നതിനായി മുൻപ് നാട്ടുകാർ ചേർന്ന് മണ്ണും പച്ചിലകളുമിട്ട് കുഴിയടയ്ക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മഴ പെയ്തതോടെ കൂടുതൽ ഭാഗം തകർന്നു.
ദിനംപ്രതി നിരവധി പേരാണ് റോഡിലൂടെയെത്തുന്നത്. വളവ് നിറഞ്ഞ റോഡിലെ കുഴികൾ നികത്തി, അപകടസാദ്ധ്യത ഒഴിവാക്കുന്നതിന് വേണ്ട നടപടി അധികൃതർ സ്വീകരിക്കണം. -ഉണ്ണികൃഷ്ണൻ, പ്രദേശവാസി