
കോട്ടയം: നഗരമദ്ധ്യത്തിലെ ഇടറോഡുകളും ആളൊഴിഞ്ഞ പ്രദേശങ്ങളും മാലിന്യംതള്ളാനുള്ള ഇടമായി ഇപ്പോഴും തുടരുന്നതിൽ നഗരവാസികൾക്ക് അടക്കം പ്രതിഷേധം. നഗരമദ്ധ്യത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് നഗരസഭാധികൃതർ പറയുമ്പോഴും നാഗമ്പടത്ത് നിന്നും അണ്ണാൻകുന്ന് മാലി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ മാലിന്യങ്ങൾ റോഡരികിൽ കുന്നുകൂടി കിടക്കുകയാണ്. റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്. മാലിന്യമുക്ത കേരളം എന്ന സന്ദേശത്തിന് ഊന്നൽ നൽകി നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുമ്പോഴും ഇടറോഡുകളും ആളൊഴിഞ്ഞ പ്രദേശങ്ങളും മാലിന്യക്കയത്തിൽ നിന്നും മുക്തി നേടിയിട്ടില്ലായെന്നത് ശ്രദ്ധേയമാണ്.
ആളൊഴിഞ്ഞ കെട്ടിടം മാലിന്യനിക്ഷേപകേന്ദ്രം
നഗരത്തിലെ പ്രധാന കോളേജ് കോമ്പൗണ്ടിലും ഇതിനോട് ചേർന്നുള്ള ഭാഗത്തും ചാക്കിൽ കെട്ടിയും കവറിലാക്കിയും മാലിന്യം വലിയതോതിൽ വലിച്ചെറിയപ്പെടുന്നുണ്ട്. കോമ്പൗണ്ടിനുള്ളിലെ തകർന്ന കെട്ടിടങ്ങൾക്ക് സമീപവും ഉള്ളിലും വലിയതോതിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്.
റോഡും തകർച്ചയിൽ
വർഷങ്ങളായി അണ്ണാൻകുന്ന് മാലി റോഡ് തകർച്ചയിലാണ്. റോഡ് തകർന്ന് കിടക്കുന്നതും മാലിന്യം തള്ളാനെത്തുന്നവർക്ക് സഹായകമാകുന്നു. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര അതികഠിനമാണെന്ന് യാത്രക്കാർ പറയുന്നു. ജനവാസ മേഖലകൂടിയായ ഇവിടെയാണ് മാലിന്യം തള്ളുന്നത്. കാട്മൂടിയ ഭാഗങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ പ്രദേശത്ത് ഉടുമ്പുകളുടെ ശല്യവും രൂക്ഷമാണ്. സമീപത്തെ റോഡിൽ കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും റോഡ് റീടാർ ചെയ്യുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കുന്നില്ല.