ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വികസനം വൈകുന്നു. ആധുനിക രീതിയിൽ കോടികൾ ചെലവഴിച്ചുള്ള പുതിയ ടെർമിനൽ നിർമ്മാണം നാളിതുവരെ എങ്ങുമെത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി സ്റ്രാൻഡിൽ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തിൽ നടത്തിയ പൊതുജന സമ്പർക്ക പരിപാടിയിൽ യാത്രക്കാരും സംഘടനകളും നിരവധി ആവശ്യങ്ങളാണ് സമർപ്പിച്ചത്.

രാത്രികാലങ്ങളിൽ പലയിടങ്ങളിലേക്കും സർവീസില്ല. രാത്രി 9.30ന് ശേഷം കറുകച്ചാൽ, നെടുംകുന്നം, മണിമല തുടങ്ങിയ പ്രദേശങ്ങളിലേക്ക് മുൻകാലത്തുണ്ടായിരുന്ന സർവീസുകൾ നിർത്തി. ഇതേതുടർന്ന്, രാത്രിസമയത്ത് ചങ്ങനാശേരിയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ട്രെയിനിലും ദീർഘദൂര ബസുകളിലും ചങ്ങനാശേരിയിലെത്തുന്ന യാത്രക്കാരും തങ്ങളു ടെ വീടുകളിലേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുകയാണ്.

നിർദേശങ്ങൾ ഇങ്ങനെ
കൊവിഡുകാലയളവിൽ നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കണം
കോയമ്പത്തൂർ, ബംഗളൂരു, മധുര, പഴനി, മൂന്നാർ എന്നിവിടങ്ങളിലേക്കും ഹൈറേഞ്ച് സെക്ടറിലേക്കും രാത്രികാല സർവീസുകൾ ആരംഭിക്കണം.
നിലവിലുള്ള കണ്ണൂർ സൂപ്പർഫാസ്റ്റ് കാസർകോഡ് വരെ സർവീസ് നീട്ടണം.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേക്ക് രാവിലെ 4.30നും 5.30നും ഇടയിൽ പുതിയ സർവീസുകൾ ആരംഭിക്കണം.
നിർത്തിവച്ച ചങ്ങനാശേരി അമൃത മൂന്നു സർവീസുകൾ ആസ്റ്റർ മെഡിസിറ്റി വരെ ദീർഘിപ്പിച്ചുകൊണ്ട് പുനരാരംഭിക്കണം.

ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തണം.

യാത്രക്കാർക്ക് സൗകര്യപ്രദമായി ബസിൽ കയറുന്നതിന് ബസുകൾ ബസ് ഷെൽറ്ററിന് അഭിമുഖമായി പാർക്ക് ചെയ്യണം.

സ്റ്റാന്റിന് മുൻവശത്തെ മാഞ്ഞുപോയ സീബ്രാലൈൻ പുനഃസ്ഥാപിച്ച് അപകടം ഒഴിവാക്കണം.

യാത്രക്കാരിൽ നിന്ന് സമാഹരിച്ച അപേക്ഷകൾ ബസ് പാസഞ്ചേഴ്‌സ് ഫോറം കൺവീനർ പ്രൊഫ.വി.രാജ്‌മോഹൻ നായർ ആർ.ജെ.ഡി.ജില്ലാ പ്രസിഡന്റ് സണ്ണി തോമസിന് കൈമാറി. അപേക്ഷകൾ ഗതാഗത വകുപ്പുമന്ത്രിക്ക് സമർപ്പിക്കും.