pashuuu

എസ്റ്റേറ്റ് മേഖലയിൽ കന്നുകാലി ശല്യം രൂക്ഷം

മുണ്ടക്കയം : കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിക്കേറ്റവർ പലരുമുണ്ട്. മുണ്ടക്കയം 35ാം റ്റി.ആർ & ടി, പാലൂർക്കാവ് തെക്കേമല റോഡുകളിലൂടെ രാത്രിയിൽ സഞ്ചരിക്കുന്നവർ ഒരപകടം മുന്നിൽകണ്ട് തന്നെയാണ് യാത്ര തുടരുന്നത്. രാത്രിയിൽ റോ‌ഡിന് നടുവിൽ നിലയുറപ്പിക്കുന്ന കന്നുകാലിക്കൂട്ടം യാത്രക്കാരുടെ കാലനായി മാറാൻ സാധ്യത അത്രയേറെയാണ്. പലവട്ടം ഇരുചക്രവാഹനങ്ങൾ കന്നുകാലികൂട്ടത്തെ ഇടിച്ചുമറിഞ്ഞു. ഏതാനും ദിവസങ്ങൾ ക്ക് മുമ്പും അപകടം സംഭവിച്ചു. പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടെ പരാതി എത്തിയെങ്കിലും അവരും കൈമലർത്തുകയാണ്. ഒരപകടം സംഭവിച്ചാൽ ആർക്ക് ഉത്തരവാദിത്വം എന്ന സംശയം മാത്രം ബാക്കി.

ഇരുൾപരക്കും, പിന്നെ നിലയുറപ്പിക്കും

മേഖലയിൽ അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടം പകൽസമയം മുഴുവൻ തോട്ടങ്ങളിലാണ്. സന്ധ്യമയങ്ങുന്നതോടെ ഇവ റോഡിലേക്ക് ഇറങ്ങും. തോട്ടം മേഖലയായതിനാൽ പ്രദേശമാകെ വിജനമാണ്. വഴിവിളക്കുപോലുമില്ല. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്. റോഡിൽ നിലയുറപ്പിക്കുന്ന കന്നുകാലിക്കൂട്ടത്തെ ഇതുമൂലം വാഹനയാത്രക്കാർക്ക് കാണാൻ കഴിയില്ല. മഴക്കാലമായാൽ മേഖലയിൽ മൂടൽമഞ്ഞ് പടരും. യാത്രക്കാർക്ക് ഇതും വെല്ലുവിളിയാണ്.

ദേശീയപാതയിലും കെണി

ദേശീയപാതയിലും രാത്രിയിൽ കന്നുകാലിക്കൂട്ടം അലഞ്ഞുതിരിയുന്നുണ്ട്. ടി.ടി.ആർ ആൻഡ് പാതയിൽ നിൽക്കുന്ന കന്നുകാലി കൂട്ടമാണ് ഇവിടേക്ക് എത്തുന്നത്.

ഉടമകൾ ആരാണ്?

പ്രദേശത്ത് അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടത്തിന്റെ ഉടമകൾ ആരെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിൽ പഞ്ചായത്തിന് വിഷയത്തിൽ നടപടിയെടുക്കാനും സാധിക്കുന്നില്ല.

പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നൂറുകണക്കിന് കന്നുകാലികൾ

മേഖലയിൽ കന്നുകാലികളെ മോഷ്ടിക്കുന്നതും പതിവ് സംഭവം

കഴിഞ്ഞയാഴ്ച അപകടത്തിൽ രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്ക്