civil-station

പാലാ: ഇതൊരു ചോദ്യമാണ്. ഇതിന് അധികാരികൾ ഉത്തരം നൽകണം. സിവിൽ സ്റ്റേഷനിൽ ദിവസേന എത്തുന്ന പൊതുജനങ്ങൾ എവിടെ പ്രാഥമിക കൃത്യം നിർവ്വഹിക്കും? അടുത്തെങ്ങും ഇതിനായി ഒരു സ്ഥലസൗകര്യമില്ല. അഞ്ച് വർഷം മുമ്പ് നഗരസഭ സിവിൽ സ്റ്റേഷന് പിന്നിൽ ഒരു കംഫർട്ട് സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും ഇതേവരെ പൊതുജനങ്ങൾക്ക് ഉപകാരപ്പെട്ടിട്ടില്ല. തുറന്നു കൊടുത്ത കംഫർട്ട് സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാട് പിടിച്ച് നശിക്കുകയാണ്. സിവിൽ സ്റ്റേഷന്റെ പിൻഭാഗത്ത് രജിസട്രേഷൻ ഓഫീസിന് സമീപമാണ് പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി അഞ്ച് മുറികളോട് കൂടിയ കംഫർട്ട് സ്റ്റേഷൻ പണിതത്. 2019 നവംബറിൽ അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. എന്നാൽ നാളിതുവരെയായി ഇവയിൽ ഒരു മുറിപോലും പൊതുജനങ്ങൾക്ക് ഉപകാരപ്പെട്ടിട്ടില്ല.

ജലവകുപ്പും നഗരസഭയുമായി ഒത്തുതീർപ്പിൽ എത്താതെ വന്നതോടെ ഒരു ദിവസം പോലും കംഫർട്ട് സ്റ്റേഷനിൽ വെള്ളമെത്തിയില്ല. ഇതിനായി റവന്യൂ അധികൃതർ പരിഹാരം കാണാമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.

നാളുകളായി അടഞ്ഞുകിടന്ന കെട്ടിടം കാട് കയറി ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ കൈവശമാണ്. ഇവിടുത്തെ ക്ലോസറ്റുകളും പൈപ്പുകളുമെല്ലാം തല്ലി ത്തകർത്ത അവസ്ഥയിലുമാണ്. പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ പരിസരം വൃത്തിയാക്കിയെങ്കിലും ജനങ്ങൾക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല.

സിവിൽ സ്റ്റേഷനിലും രജിസ്‌ട്രേഷൻ ഓഫീസിലും ജീവനക്കാർക്കായി കെട്ടിടത്തിനുള്ളിൽ തന്നെ കംഫർട്ട് സ്റ്റേഷൻ സൗകര്യമുണ്ട്. അതിനാൽ ഉദ്യോഗസ്ഥരും ഈ കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല.

പൊതുജനങ്ങളെക്കൂട്ടി സമരം തുടങ്ങും: പൗരസമിതി

സിവിൽ സ്റ്റേഷന്റെ പിൻഭാഗത്തെ കംഫർട്ട് സ്റ്റേഷൻ എത്രയുംവേഗം തുറന്നുകൊടുക്കാൻ അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുജനങ്ങളെക്കൂട്ടി സമരം ആരംഭിക്കുമെന്ന് പാലാ പൗരസമിതി യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് പി. പോത്തൻ അദ്ധ്യക്ഷത വഹിച്ചു. സെബി വെള്ളരിങ്ങാട്ട്, ബേബി കീപ്പുറം എന്നിവർ പ്രസംഗിച്ചു.