കോട്ടയം : അതിരമ്പുഴ ഗവ. ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളെ തരംതാഴ്ത്തിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു.വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടി. അതിരമ്പുഴയിൽ നിന്ന് ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നീ ഒമ്പത് ജീവനക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചിരുന്നു. ഇവരോട് തിരികയെത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. 40 കിടക്കകളുള്ള ഇവിടെ 400 ലേറെ പേരാണ് പ്രതിദിനം ചികിത്സ തേടുന്നത്. ആശുപത്രിയുടെ പദവി നിലനിറുത്തണമെന്നാവശ്യപ്പെട്ട് അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു.