nethaloore

കറുകച്ചാൽ: ഏത് നിമിഷവും ഇവിടെ അപകടം സംഭവിക്കാം. കറുകച്ചാൽ നെത്തല്ലൂർ കവലയാണ് അപകട മേഖലയായി മാറിയത്. വാഴൂർ റോഡും കോട്ടയം കോഴഞ്ചേരി റോഡും സംഗമിക്കുന്ന ഭാഗമാണിത്.
റോഡ് നവീകരണത്തിനൊപ്പം റോഡിലെ അപകടസാദ്ധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. വെറുതെ മഞ്ഞ വരകളിട്ടിട്ട് യാതൊരു പ്രയോജനവുമില്ല. വാഹനമോടിക്കുന്ന ഭൂരിഭാഗം ആളുകൾക്കും യെല്ലോ ബോക്‌സ് എന്താണെന്ന് അറിയില്ല. അമിത വേഗവും നിയന്ത്രണവുമില്ലാതെ കോട്ടയം റോഡിൽ നിന്നും വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് കവലയിലെ അപകടങ്ങൾക്ക് കാരണം.

നവീകരണം മഞ്ഞ വരകളിലൊതുങ്ങി
അപകട സാദ്ധ്യതയേറിയ നെത്തല്ലൂരിൽ യെല്ലോ ബോക്‌സുകൾ തീർത്ത് താത്കാലിക സുരക്ഷ ഒരുക്കി പൊതുമരാമത്തുവകുപ്പ് തലയൂരി. തിരക്കേറിയതും അപകട മേഖലയുമായ നെത്തല്ലൂർ കവല നവീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളൊരുക്കാൻ നാലു വർഷം മുൻപ് പൊതുമരാമത്തുവകുപ്പ് പഠനം നടത്തിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. അപകടങ്ങൾ വർദ്ധിച്ചതോടെ രണ്ടുവർഷം മുൻപും യെല്ലോ ബോക്‌സുകൾ വരച്ചിരുന്നു. ഇത് മാഞ്ഞതോടെ നിലവിൽ വീണ്ടും വരയ്ക്കുകയാണ് ചെയ്തത്.

നിർദ്ദേശങ്ങൾ

വേഗനിയന്ത്രണ സംവിധാനങ്ങൾ വേണം.
സുരക്ഷാ കാമറകൾ വേണം
റോഡിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ വേണം.

യെല്ലോ ബോക്‌സ് തീർത്തതുകൊണ്ട് എന്താണ് പ്രയോജനം. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ വേണം.

-രാജീവ്, നാട്ടുകാരൻ