kuzhi

മുണ്ടക്കയം: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കുവാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ദേശീയപാതയുടെ നവീകരണം അകലെ. കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽ മുണ്ടക്കയം കല്ലേപാലത്തിന് സമീപവും പൈങ്ങനയിലെ വളവിലും രൂപപ്പെട്ടിരിക്കുന്ന കുഴി അപകടങ്ങൾക്ക് ഇടയാക്കും എന്ന ആശങ്കയുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ പണിതിട്ടും പണിതിട്ടും പണിതീരാത്ത അവസ്ഥയിലാണ് കുഴികൾ. മുണ്ടക്കയം വലിയ പാലത്തിന് സമീപം രൂപപ്പെടുന്ന കുഴി സഞ്ചാരയോഗ്യമാക്കി ദിവസങ്ങൾ പിന്നിടും മുമ്പ് വീണ്ടും ഇതേ സ്ഥലത്ത് കുഴിയായി. യാതൊരു ഗുണനിലവാരവും ഇല്ലാതെ പേരിന് വേണ്ടി കുഴിയടയ്ക്കൽ നടത്തുന്നതാണ് ദിവസങ്ങൾക്കുള്ളിൽ ഇത് തകരുവാൻ കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്. തീർത്ഥാടന കാലം ആരംഭിക്കുന്നതോടെ ഇവിടെ അപകടങ്ങളും പതിവാകും. രണ്ടിടങ്ങളിലും റോഡിലെ വെള്ളക്കെട്ടാണ് റോഡ് തകരുവാൻ പ്രധാന കാരണം. തീർത്ഥാടന കാലത്തിന് മുമ്പ് കുഴികൾ നികത്തുവാൻ അധികാരികൾ തയ്യാറാകണമെന്ന് ആവശ്യമാണ് ഉയരുന്നത്.