meat

കോട്ടയം: വില കുതിച്ചതിനൊപ്പം ക്ഷാമവും രൂക്ഷമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സുനാമി ഇറച്ചി വിപണിയിൽ വീണ്ടും സജീവമായി. കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോട കോൾഡ് സ്റ്റോറേജ് വഴിയാണ് ഏറെയും വിറ്റഴിക്കുന്നത്. നിലവാരം കുറഞ്ഞ ഇറച്ചി കേരളത്തിലേക്ക് എത്തിക്കാൻ ഏജൻസികളും സജീവമാണ്. ഹോട്ടലുകൾ ,ബാറുകൾ ,വിവിധ ക്യാന്റിനുകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവയിൽ അധികവും സുനാമി ഇറച്ചിയാണ്. കോൾഡ് സ്റ്റോറേജിലോ വഴിയോരത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനയില്ലാത്തതിനാൽ ചത്ത മാടിന്റെ ഇറച്ചി വിറ്റാലും കണ്ടെത്താനാകില്ല.

അശാസ്ത്രീയം, പക്ഷേ നടപടിയില്ല

തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നിന്ന് ചത്തമാടുകളെയടക്കം ഇറച്ചി കേരളത്തിലേക്ക് കൊണ്ടുവരുന്നെന്ന പരാതിയെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കേരള ലീഗൽ സർവീസ് അതോറിട്ടിയോട് (കെൽസ) ആവശ്യപ്പെട്ടിരുന്നു. ഡിണ്ടിഗലിലെ അറവുശാലകളിൽ വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്ന മാട്ടിറച്ചി മതിയായ ശീതീകരണ സംവിധാനങ്ങളില്ലാതെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. കേരളത്തിൽ ഇറച്ചി സംസ്‌‌കരണം അശാസ്ത്രീയമായ രീതിയിലാണ്. വിരലിലെണ്ണാവുന്ന ശാസ്ത്രീയ അറവുശാലകൾ മാത്രമേ കേരളത്തിലുള്ളൂ.

രക്തത്തിൽ മുക്കി വില്പന

വഴിയോരത്താണ് മാടുകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്പനയും. രോഗം മൂലം ചത്ത മാടുകളുടെ ഇറച്ചിയാണോ വില്പക്കുന്നതെന്ന് പോലും അറിയാൻ കഴിയില്ല. പഴകിയ ഇറച്ചിയിൽ രക്തം ഒഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.

പോത്തിറച്ചി: 420-440 രൂപ

ആട്ടിറച്ചി: 800- 850 രൂപ

സുനാമി ഇറച്ചി 250 രൂപയ്ക്ക്

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന സുനാമി ഇറച്ചി 250-300 രൂപ നിരക്കിലാണ് കോൾഡ് സ്റ്റോറേജ് , ഹോട്ടലുകൾ ഉൾപ്പെടെയുള്ള യിടങ്ങളിൽ എത്തിക്കുന്നത്.

തൊട്ടാൽ വഴുവഴുപ്പുള്ളതോ, ദുർഗന്ധമുള്ളതോ ആയ ഇറച്ചി വാങ്ങരുത്.

റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ലേബലിലുള്ളവ വാങ്ങുമ്പോൾ പഴകിയതല്ലെന്ന് ഉറപ്പുവരുത്തണം.

സുനാമി ഇറച്ചി എത്തിക്കുന്നത് തടയാൻ ചെക്കു പോസ്റ്റുകളിൽ പരിശോധന ശക്തമാക്കണം. അനധികൃത കശാപ്പുശാലകൾ അടച്ചു പൂട്ടിക്കണം.

എബി ഐപ്പ് ( ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം )