panackappalam

പാലാ: അശാസ്ത്രീയമായാണ് റോഡ് നിർമ്മാണം,​ അതിനൊപ്പം അശ്രദ്ധ കൂടിയായാൽ എന്താകും അവസ്ഥ. ഏറ്റുമാനൂർ-പാലാ-ഈരാറ്റുപേട്ട ഹൈവേയിലെ പനയ്ക്കപ്പാലം ജംഗ്ഷൻ വാഹനയാത്രക്കാരെ സംബന്ധിച്ച് എന്നും പേടിസ്വപ്നമാണ്. കഴിഞ്ഞ അഞ്ച് മാസങ്ങൾക്കിടെ ഇവിടെ മൂന്ന് അപകടങ്ങൾ ഉണ്ടായി. മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച ബസും ബൈക്കുമായി കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഏതാനും മാസം മുമ്പ് ഇതേസ്ഥലത്ത് ബൈക്ക് മതിലിൽ ഇടിച്ചുകയറിയും ഒരാൾക്ക് ജീവൻ നഷ്ടമായി. വലിയ വളവ് പിന്നിട്ടാണ് വാഹനങ്ങൾ ജംഗ്ഷനിലേക്ക് എത്തുന്നത്. രണ്ട് റോഡുകൾ വന്നുചേരുന്നുമുണ്ട്. ധാരാളം വ്യാപാരസ്ഥാപനങ്ങളുമുണ്ട്. പ്ലാശ്ശനാൽ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പടിഞ്ഞാറ് നിന്നും വരുന്ന വാഹനങ്ങൾ കാണാൻ ബുദ്ധിമുട്ടാണ്.

അപകടങ്ങൾ ഒഴിവാക്കാം...

ജംഗ്ഷനിൽ വാഹനങ്ങളുടെ ഓവർടേക്കിംഗ് നിയന്ത്രിക്കണം

കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.

പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ

പനക്കപ്പാലത്ത് അപകടങ്ങൾ തുടർകഥയാകുമ്പോഴും മൗനം പാലിക്കുന്ന അധികാരികൾക്കെതിരേ ബി.ജെ.പി തലപ്പുലം പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിഷേധിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി തലപ്പുലം കമ്മറ്റി പ്രസിഡന്റ് സുരേഷ് പി.കെ. പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം.