ഉള്ളനാട്: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വലിയകാവുംപുറത്തുള്ള ജനങ്ങൾ ആകെ ദുരിതത്തിലാണ്. പ്ലൈവുഡ് ഫാക്ടറിയിൽ നിന്നുള്ള മലിനജലം തോട്ടിലേക്കൊഴുകുന്നതാണ് ദുരിതം.

റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്നുമാണ് മലിനജലം ഒഴുകിയിറങ്ങി റോഡരികിലൂടെ തോട്ടിൽ പതിക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. ദുർഗന്ധവും ജലമലിനീകരണവും പതിവായതോടെ ജനങ്ങളാകെ വലയുകയാണ്.

കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മുമ്പും ചെറിയ തോതിൽ മാലിന്യമൊഴുക്കിയിരുന്നുവെങ്കിലും ഇത്രയധികം ഒഴുക്കുന്നത് ഇപ്പോഴാണെന്ന് പരിസരവാസികൾ പറയുന്നു.

മലിനജലം ഒഴുകുന്ന തോട്ടിലാണ് പ്രദേശവാസികൾ കുളിക്കാനും വസ്ത്രം കഴുകുന്നതിനും ഇറങ്ങുന്നത്. പലതവണ പഞ്ചായത്ത് അധികാരികളോട് പരാതിപ്പെട്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പെരുമ്പാവൂർ സ്വദേശികളാണ് ഇവിടെ പ്ലൈവുഡ് ഫാക്ടറി നടത്തുന്നതെന്ന് പറയപ്പെടുന്നു.

പൊതുറോഡിലേക്ക് മാലിന്യം ഒഴുക്കിയത് സംബന്ധിച്ച നാട്ടുകാരുടെ പരാതി അന്നത്തെ പഞ്ചായത്ത് കമ്മറ്റിയിൽ ഉന്നയിക്കുകയും സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തുവെന്നാണ് പഞ്ചായത്ത് മെമ്പർ സുധാ ഷാജി പറഞ്ഞത്. എന്നാൽ സത്വര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല എന്നാണാരോപണം. പരാതിപ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥലത്ത് പോയി പരിശോധിച്ചുവെന്നാണ് തന്നോട് പറഞ്ഞതെന്നും അവിടെ യാതൊരു മാലിന്യപ്രശ്‌നവും ഇല്ലെന്നാണ് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചതെന്നും സുധാ ഷാജി പറഞ്ഞു. നാളെ ചേരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ വീണ്ടും രേഖാമൂലം ഈ വിഷയം ഉന്നയിക്കുമെന്നും സുധാ ഷാജി പറഞ്ഞു.


പരാതി കിട്ടിയിട്ടില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി

പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞ രണ്ടുമാസമായി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി. സെക്രട്ടറി രശ്മി മോഹൻ പറഞ്ഞു. അവിടെ പ്രശ്‌നങ്ങൾ ഉള്ളതായും അറിവില്ല. എന്തായാലും ഇന്ന് സ്ഥലത്ത് പരിശോധന നടത്തുമെന്നും അസി. സെക്രട്ടറി പറഞ്ഞു.