
കോട്ടയം: സ്വർണവും, പണവുമടങ്ങിയ ബാഗ് കണ്ടെത്തി നൽകി ഈരാറ്റുപേട്ട പൊലീസ്. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ദമ്പതികളുടെ നഷ്ടപ്പെട്ട 34,000 രൂപയും, സ്വർണാഭരണങ്ങളും അടങ്ങിയ ബാഗാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കഴിഞ്ഞദിവസം വീട്ടിൽ നിന്നും ബാഗുമായി ദമ്പതികൾ കുഞ്ഞുമായി കാറിൽ കയറിയ സമയം കുഞ്ഞ് വീഴാൻ പോയതിനെ തുടർന്ന് കൈവശമുണ്ടായിരുന്ന ബാഗ് യാത്രാ മധ്യേ നഷ്ടപ്പെടുകയായിരുന്നു. സ്വർണാഭരണങ്ങൾ അടങ്ങിയ കവർ ഈരാറ്റുപേട്ടയിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പൊലീസുകാരനായ പി.സി സുനിലിന് ലഭിച്ചു. പനച്ചിപ്പാറ സ്വദേശിനി അഞ്ജനയ്ക്ക് പണവും ലഭിച്ചു. ഇരുവരും ഇത് സ്റ്റേഷനിൽ എത്തിച്ചു. വൈകുന്നേരത്തോടെ ദമ്പതികൾ പണവും, സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തുകയും നഷ്ടപ്പെട്ട സ്വർണ്ണവും പണവും സ്റ്റേഷനിലുണ്ടെന്ന് അറിയുകയും ചെയ്തത്. തുടർ നടപടികൾക്ക് ശേഷം ഇവ ദമ്പതികൾക്ക് ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ജെ തോമസിന്റെ നേതൃത്വത്തിൽ നൽകി.