thirunkra

കോട്ടയം: നഗരമദ്ധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡിൽ മഴയുള്ള സമയത്ത് എത്തിയാൽ ചെളിവെള്ളം ചവിട്ടാതെ ബസിൽ കയറാനോ ഇറങ്ങാനോ കഴിയില്ലായെന്നതാണ് അവസ്ഥ. നല്ല വെയിലുള്ള സമയത്താണെങ്കിൽ പൊടികൊണ്ട് ഇവിടെ നിക്കാനും കഴിയില്ല. എന്ന് തീരും സ്റ്റാൻഡിലെ ഈ ദുരിതം.

ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലം സ്റ്റാൻഡിന്റെ പ്രവർത്തനം തടസപ്പെട്ടിരുന്നു. പൊളിച്ചുനീക്കൽ പൂർത്തിയായിട്ടും സ്റ്റാൻഡ് തുറന്നുകൊടുക്കാതായതോടെ പ്രതിഷേധം ഉയർന്നു. തുടർന്നാണ് സ്റ്രാൻഡിലൂടെ ബസുകൾ കയറിയിറങ്ങാൻ തുടങ്ങിയത്. കാത്തിരിപ്പ് കേന്ദ്രം ഇല്ലായെന്നത് ആയിരുന്നു ആദ്യത്തെ പ്രധാന പ്രശ്നം. സ്പോൺസറുടെ സഹായത്തോടെ കാത്തിരിപ്പ് കേന്ദ്രം എന്ന സ്വപ്‌നത്തിന് താത്ക്കാലിക വിരാമമായെങ്കിലും ദുരിതം വിട്ടൊഴിയുന്നില്ല ഇവിടെ. ചെളിവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മലിനജലവും, കൊതുക് കടിയും, ദുർഗന്ധവും എല്ലാംകൂടെയായി യാത്രക്കാർ പൊറുതിമുട്ടുകയാണ്.

ഒറ്റമഴയിൽ സ്റ്റാൻഡ് വെള്ളക്കെട്ടിലാകും

ഒറ്റമഴയിൽ സ്റ്റാൻഡിനുൾവശം വെള്ളക്കെട്ടിലാകും. വെള്ളം നിറഞ്ഞാൽ കുഴികൾ എവിടെയാണെന്ന് യാത്രക്കാർക്ക് തിരിച്ചറിയുക പ്രയാസം. പൊതുയോഗം നടത്തിയും, പേ പാർക്ക് നടത്തിയും പണം വാങ്ങുന്ന നഗരസഭാധികൃതർക്ക് ഇതൊന്നും കാണാനും പരിഹരിക്കാനും സമയമില്ല. നഗരസഭയുടെ മൂക്കിന് കീഴെയാണ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയും ഓപ്പറേറ്ററെയും ഉപയോഗിച്ച് കുഴികൾ നികത്തിയാൽ ചെളിവെള്ളം കെട്ടിനിൽക്കാതെ സ്റ്റാൻഡിനെ സംരക്ഷിക്കാം. എന്നാൽ, അധികൃതർ ഇത് അവഗണിക്കുകയാണ്. പ്രതിദിനം നൂറ് കണക്കിനാളുകൾ എത്തുന്ന സ്റ്റാൻഡാണിത്. യാത്രക്കാർക്ക് ചെളിവെള്ളത്തിൽ ചവിട്ടാതെ നടക്കാൻ സാധിക്കില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിക്കുന്നതും ദുരിതമാണ്. ഇതേച്ചൊല്ലി ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കവുമുണ്ടാകാറുണ്ട്.