കറുകച്ചാൽ: നെടുംകുന്നം,​ മുതിരമല,​ പനയമ്പാല, ശാന്തിപുരം,​ കൂത്രപ്പള്ളി,​ ഉമ്പിടി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കറുകച്ചാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിലച്ചിട്ട് വർഷങ്ങളായി. നാല് ഡോക്ടർമാരും ആവശ്യത്തിന് സ്റ്റാഫും ഉണ്ടായിട്ടും കിടത്തി ചികിത്സ ഇല്ലാത്തതിനാൽ രോഗികളെ ജില്ലാ ആശുപത്രിയിലേയ്ക്കും മെഡിക്കൽ കോളേജിലേയ്ക്കും പറഞ്ഞയയ്ക്കുകയാണ്. ഇപ്പോൾ. ഇതുമൂലം സാധാരണക്കാർ ഏറെ ദുരിതത്തിലാണ്. അടുത്തുള്ള ആശുപത്രികളിലൊന്നും ഡയാലിസിസ് സംവിധാനമില്ലാത്തതിനാൽ പ്രമേഹ രോഗികൾ ഇതിനായും ജില്ലാ ആശുപത്രിയെയും മെഡിക്കൽ കോളേജിനെയും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. ഇതുമൂലം ശാരീരിക ബുദ്ധിമുട്ടുള്ള പ്രായാധിക്യമുള്ള പ്രമേഹ രോഗികളാണ് ഏറെ വിഷമിക്കുന്നത്. ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കറുകച്ചാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയും ഡയാലിസിസ് യൂണിറ്റും ആരംഭിക്കണമെന്ന് കറുകച്ചാൽ അംബേദ്കർ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.