kuzhi

ർഎരുമേലി: കരിങ്കല്ലുമൂഴി കയറ്റത്തിന് തൊട്ടുമുമ്പുള്ള ഭാഗത്തെ കുഴി അപകടക്കെണിയായി. ഭാരമേറിയ വാഹനങ്ങളുൾപ്പെടെ പ്രതിദിനം നൂറു കണക്കിന് വാഹനങ്ങൾ കയറ്റം കയറുകയും ഇറങ്ങുകയും ചെയ്യുന്നതുമൂലം റോഡിൽ ടാറിംഗ് പ്രതലം ഇടിഞ്ഞുതാഴ്ന്നതാണ് വലിയ കുഴിയായി രൂപപ്പെട്ടത്. ഭാരം കയറ്റിയ ടിപ്പറുകൾ ഇറക്കം ഇറങ്ങി റാന്നി റോഡിലേക്ക് തിരിയുന്നതാണ് ഇവിടെ വീതിയിൽ കുഴികൾ സ്ഥിരമായി ഉണ്ടാകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എരുമേലിയിൽനിന്നു വരുന്നതും പോകുന്നതുമായ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. ഇരുചക്ര വാഹന യാത്രികരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. പരാതി വർദ്ധിക്കുന്നതോടെ കുഴികൾ താത്കാലികമായി നികത്തുമെങ്കിലും താമസിയാതെ പഴയനിലയിലാകും. ഭാരം കൂടിയ വാഹനങ്ങൾ സ്ഥിരമായി കുത്തിറക്കം ബ്രേക്ക് ചെയ്‌തിറങ്ങുമ്പോൾ ടാറിംഗ് മൊത്തമായി ഒരുവശത്തേക്ക് തെന്നിനീങ്ങിയാണ് കുഴികൾ രൂപപ്പെടുന്നത്.