കുമരകം : കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി പരിശോധനയ്ക്ക് അമിത ഫീസ് ഈടാക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം പനിബാധിച്ച് ചികിത്സതേടി ആശുപത്രിയിലെത്തിയ രോഗിയ്ക്ക് ഡോക്ടർ നിർദ്ദേശിച്ച പരിശോധനകൾക്കായി 520 രൂപ ലബോറട്ടറി ഫീസ് ഇനത്തിൽ നൽകേണ്ടി വന്നുവെന്നാണ് പരാതി. അടച്ച തുകയുടെ രസീത് ലഭിച്ചെങ്കിലും ഏതെല്ലാം പരിശോധനകൾക്കായാണ് തുക ഈടാക്കിയതെന്ന് രേഖപ്പെടുത്തിയിരുന്നില്ല.
വലിയ തുകയായതിനാൽ ഇനവിവരം എഴുതണമെന്നാവശ്യപ്പെട്ടെങ്കിലും കഴിയില്ലെന്ന് ജീവനക്കാരി പറഞ്ഞതായി രോഗി പറയുന്നു. രോഗി തുക അടച്ചെങ്കിലും, സമീപത്തെ സ്വകാര്യ ലാബുകളിൽ അന്വേഷിച്ചപ്പോൾ ഇതേ പരിശോധനകൾക്ക് 580 രൂപ അടച്ചാൽ മതിയാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.
കുമരകം സി എച്ച് സി യിലേയും സമീപത്തെ മറ്റ് സ്വകാര്യ ലാബുകളിലേയും ഫീസ് നിരക്കുകൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ലാബിലെത്തി സാമ്പിൾ നൽകിക്കഴിഞ്ഞാൽ മണിക്കൂ റുകളോളം കാത്തിരുന്നാൽ മാത്രമേ പരിശോധനാ ഫലം ലഭിയ്ക്കൂ. അവശനിലയിലെത്തുന്ന രോഗികൾ ഈ സമയമത്രയും കാത്തിരിയ്ക്കുന്നതിന് ആവശ്യമായ വിശ്രമസൗകര്യങ്ങൾ പരിമിതമാണ്. അവശരായ രോഗികൾക്ക് പരിശോധനാ ഫലം വേഗം കിട്ടിയെങ്കിൽ മാത്രമേ കൃത്യമായ ചികിത്സ തുടരാനാകൂ എന്നതിനാൽ പലരും പരിശോധനാ ഫലം വേഗം ലഭിയ്ക്കുന്ന സ്വകാര്യ ലാബുകളെയാണ് ആശ്രയിയ്ക്കുന്നത്. മത്സ്യ തൊഴിലാളികളും കർഷകരുമടക്കമുള്ള പാവപ്പെട്ട ആളുകളാണ് കുമരകത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. വലിയ തുക ലബോറട്ടറി ഫീസിനത്തിൽ മാത്രം നൽകി ചികിത്സ തുടരാനാവാത്ത സാഹചര്യമുള്ള രോഗികൾക്ക് ചികിത്സ നിഷേധിയ്ക്കുന്ന സമീപനമാണ് കുമരകം സി.എച്ച്.സിയിലെന്നും ആരോപണമുണ്ട്. കഴുത്തറുപ്പൻ നിലപാടിൽ നിന്നും പിന്തിരിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.