plywood-

ഉള്ളനാട്: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വലിയകാവുംപുറം പ്ലൈവുഡ് ഫാക്ടറിയിൽ നിന്ന് മലിനജലം പുറത്തേക്കൊഴുക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അധികാരികൾ കർശന നിർദ്ദേശം നൽകി. മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സ്റ്റോപ്പ് മെമ്മോ കൊടുക്കും.

ഫാക്ടറി പരിസരത്തുനിന്ന് മലിനജലം റോഡിലൂടെ തോട്ടിലേക്കൊഴുകുന്നത് ഇന്നലെ ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി, വൈസ് പ്രസിഡന്റ് സോഫി സേവ്യർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലിൻസി സണ്ണി, അനുമോൾ മാത്യു, മെമ്പർ ബിജു എൻ.എം., സെക്രട്ടറി ജസിയ ബീവി, അസി. സെക്രട്ടറി രശ്മി മോഹൻ, വി.ഇ.ഒ. സിജോഷ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചു.

ഇതേസമയം സ്ഥലം മെമ്പർ സുധാ ഷാജിയെ കൂട്ടാതെയാണ് പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും സ്ഥലം സന്ദർശിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.


പരസ്പരം കൊമ്പുകോർത്ത് ഇടതുമുന്നണി മെമ്പർമാർ

ഇന്നലെ ''മാലിന്യം തോട്ടിലേക്ക്, പൊറുതിമുട്ടി ജനം'' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ പരസ്പരം കൊമ്പുകോർത്ത് ഇടതുമുന്നണിയിലെ വനിതാ മെമ്പർമാർ. അഞ്ചാം വാർഡ് മെമ്പറായ കേരളാ കോൺഗ്രസ് (എം) പ്രതിനിധി സുധാ ഷാജിയും സി.പി.ഐ. പ്രതിനിധി മെമ്പർ അനുമോൾ മാത്യുവുമാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ രൂക്ഷമായ വാക്കേറ്റം നടത്തിയത്.

മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി നേരത്തെ ചർച്ച ചെയ്യുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ട് നോട്ടീസ് കൊടുക്കുകയും ചെയ്തിട്ടും അധികാരികൾ ഒന്നും ചെയ്തില്ല എന്നമട്ടിൽ മെമ്പർ സുധാ ഷാജി പത്രവാർത്ത കൊടുത്തത് ശരിയായില്ലെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതിൽ കുറച്ചൊക്കെ മാന്യത കാണിക്കണമെന്നും പറഞ്ഞ് സി.പി.ഐ. മെമ്പർ അനുമോൾ മാത്യുവാണ് പഞ്ചായത്ത് ഗ്രൂപ്പിൽ ആദ്യം ശബ്ദസന്ദേശം ഇട്ടത്.

ഇതേ സമയം തന്റെ വാർഡിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടും ദുരിതവുമാണ് പഞ്ചായത്ത് കമ്മറ്റിയിലും കേരള കൗമുദി റിപ്പോർട്ടറോടും താൻ അറിയിച്ചതെന്നും അതിൽ അനുമെമ്പർ രോഷം കൊള്ളേണ്ട കാര്യമില്ലെന്നും സുധാ ഷാജി തിരിച്ചടിച്ചു. തന്നെ മാന്യത പഠിപ്പിക്കേണ്ട കാര്യമില്ലെന്നും തന്റെ വാർഡിലെ കാര്യത്തിൽ അനു മെമ്പർ ഇടപെടേണ്ട കാര്യമില്ലെന്നും സുധാ ഷാജി തുറന്നടിച്ചു.

പുറത്തേക്കൊഴുകുന്ന മലിനജലം അവിടുത്തെ തൊഴിലാളികൾ കുളിക്കുകയും തുണി നനയ്ക്കുകയും പാത്രം കഴുകുകയുമൊക്കെ ചെയ്യുന്ന വെള്ളമാണ്. രാസവസ്തു കലർന്ന മലിനജലം പുറത്തേക്കൊഴുകുന്നില്ല. ഫാക്ടറിയുടെ മുകൾവശത്തെ ഭൂമിയിൽ നിന്ന് ഉറവജലവും ഒഴുകി വരുന്നുണ്ട്. എന്തായാലും മലിനജലം റോഡിലേക്കും തോട്ടിലേക്കും ഒഴുക്കുന്നത് കർശനമായി തടയും. -പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി