രാമപുരം: കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ കുട്ടികർഷകരുടെ കൊയ്ത്തുത്സവം. സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്ത നെല്ലിന്റെ കൊയ്ത്തുത്സവമാണ് കൊണ്ടാട് ചൂരവേലിൽ പാടശേഖരത്ത് ഇന്നലെ നടന്നത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെട്ട അമ്പതോളം എൻ.എസ്.എസ്. വോളണ്ടിയർമാർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്‌സ്, പ്രകൃതി കർഷകനായ മധു ചൂരവേലിൽ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. നാലുമാസം മുമ്പ് തവളകണ്ണൻ വിത്താണ് കുട്ടികൾ നേരിട്ട് പാടത്ത് വിതച്ചത്. ജൈവവളവും ജൈവകീടനാശി നിയും ആണ് കൃഷിയിൽ ഉപയോഗിച്ചത്.

കൊയ്ത്തുത്സവം താളമേളങ്ങളോടെ കുട്ടികൾ ആഘോഷമാക്കി മാറ്റി. പുഴുങ്ങിയ ചെണ്ടൻ കപ്പയും മുളക് പൊട്ടിച്ചതും കട്ടൻ കാപ്പിയുമൊക്കെയായി തനിനാടൻ രീതിയിലായിരുന്നു കൊയ്തുത്സവം.

വോളണ്ടിയർമാരെയും പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്‌സിനെയും പ്രിൻസിപ്പൽ സാബു മാത്യു, സ്‌കൂൾ മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, പി.റ്റി.എ, അദ്ധ്യാപകർ തുടങ്ങിയവർ അഭിനന്ദിച്ചു.