മുണ്ടക്കയം: ആവശ്യത്തിന് ഉദ്യോഗസ്ഥർ വേണം. അല്ലേൽ ഉള്ള ഉദ്യോഗസ്ഥർ അത്യാവശ്യഘട്ടങ്ങളിൽ എങ്ങനെ ഓടിയെത്തും...! മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ മുണ്ടക്കയം കാർ കൃത്യമായി പ്രതികരിക്കുകയും ചെയ്തു. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്. മുണ്ടക്കയം സ്റ്റേഷന്റെ പരിധിയിൽ മൂന്ന് പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. അതിനാൽ തന്നെ ക്രമസമാധാന പാലനത്തിന് കൂടുതൽ ഉദ്യോഗസ്ഥർ കൂടിയേ തീരൂ. എല്ലാ സ്റ്റേഷനിലും രണ്ടു വാഹനങ്ങളാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ പരിധി കൂടിയ സ്റ്റേഷൻ എന്നത് മുൻനിറുത്തി രണ്ടിലധികം പൊലീസ് ജീപ്പുകൾ വേണമെന്ന ആവശ്യവും ഉയരുകയാണ്.
ഉദ്യോഗസ്ഥരുടെ കുറവ് കോളനികൾ ഉൾപ്പെടെയുള്ള മേഖലകളിലെ പരിശോധനകളെ ബാധിക്കും. ഒപ്പം മാഫിയ സംഘങ്ങളുടെ കടന്നുവരവും ഈ മേഖലയിൽ വർദ്ധിക്കും. ശക്തമായ സർക്കാർ ഇടപെടലാണ് വേണ്ടത്.
അഞ്ജലി അരുൺ (പൊലീസ് ഉദ്യോഗസ്ഥ)
മലയോര മേഖലയിൽ ഉൾപ്പെടെ ലഹരിസംഘങ്ങൾ സജീവമാണ്. ഇവരെ നിലയ്ക്ക് നിറുത്താൻ പൊലീസിന് കരുതണം. മുണ്ടക്കയം സ്റ്റേഷനിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചേ മതിയാകൂ
തീർത്ഥാ അനുമോൻ( വിദ്യാർത്ഥിനി)