കാലിത്തീറ്റ വില കുതിക്കുന്നു, കർഷകർക്ക് തീരിച്ചടി
കോട്ടയം: വെറുതെ കഷ്ടപ്പെടാം. നഷ്ടം മാത്രമാണ് മിച്ചം. കർഷകർ ഇങ്ങനെ പരിതപിക്കുമ്പോൾ ക്ഷീരമേഖലയിലെ പ്രതിസന്ധി അത്രയേറെ രൂക്ഷമാകുകയാണ്. കാലിത്തീറ്റ വില കുതിച്ചുയർന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ കർഷകരിൽ ഏറെപ്പേരും ക്ഷീരമേഖലയോട് വിടപറഞ്ഞു .
കന്നുകുട്ടികൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുമെന്ന സർക്കാർ പ്രഖ്യാപനം ചുവപ്പുനാടയിൽ കുടുങ്ങിയതും തിരിച്ചടിയായി.
കാലാവസ്ഥാ വ്യതിയാനവും രോഗങ്ങൾ മൂലവും പാൽ ഉത്പാദനം കുറയുമ്പോഴാണ് കാലിത്തീറ്റ വിലവർദ്ധന. ചെലവ് കാശ് പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് കർഷകർ തുറന്നുപറയുന്നു.
വില ലഭിക്കാത്തത് തിരിച്ചടിയായി
പാലിന്റെ കൊഴുപ്പിനനുസരിച്ച് വില നിശ്ചയിക്കണമെന്നാണ് 2019 ൽ മിൽമ തയാറാക്കിയ ചാർട്ടിൽ പറയുന്നത്. ഹൈബ്രിഡ് ഇനം പശുക്കളുടെ പാലിന് കൊഴുപ്പില്ലാത്തത് മൂലം വില കുറയ്ക്കുന്നത് കർഷകർക്കു തിരിച്ചടിയായി. പ്രാദേശിക സംഘങ്ങൾ 40 രൂപയ്ക്ക് അളന്നിട്ട് 52 -56 രൂപയ്ക്കാണ് പാൽ വിൽക്കുന്നത്. ഫാറ്റും റീഡിംഗും നോക്കി പാലിന്റെ വില കുറയ്ക്കുന്നത് തട്ടിപ്പാണെന്നാണ് ക്ഷീരകർഷകരുടെ പ്രധാന പരാതി. ഒരു ലിറ്റർ പാൽ അളന്നാൽ കർഷകർക്ക് ശരാശരി ലഭിക്കുന്നത് 45 രൂപയാണ്. 5 ലിറ്റർ പാൽ നല്കുന്ന കർഷകന് ഒരു ദിവസം 300 രൂപ പോലും ലഭിക്കാത്ത അവസ്ഥയും.
കാലിത്തീറ്റ വില (50 കിലോ)
2019ൽ: 1050 രൂപ
നിലവിൽ: 1550 രൂപ
കടല,തേങ്ങ,പരുത്തി പിണ്ണാക്കുകൾക്ക് 120 രൂപ വരെ വിലകൂടി.
കടലപിണ്ണാക്ക് 40 രൂപയിൽ നിന്ന് 55-60 വരെയെത്തി
തേങ്ങാ പിണ്ണാക്ക് 35 രൂപയിൽ നിന്ന് 45 രൂപയായി ഉയർന്നു
സർക്കാർ സഹായമില്ല
പച്ചപ്പുല്ല് വളർത്തലിനുള്ള സർക്കാർ സഹായമില്ല. പാൽ വില വർദ്ധിപ്പിക്കുന്നതിലും നല്ലത് കാലിത്തീറ്റ വില കുറയ്ക്കലാണെന്ന് കർഷകർ പറയുന്നു.
മിൽമയും കേരളാ ഫീഡ്‌സും കറവപ്പശുക്കൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും പശുകുട്ടികൾക്ക് സൗജന്യ നിരക്കിലും കാലിത്തീറ്റ ലഭ്യമാക്കണം. അധിക ചെലവ് സർക്കാർ നൽകണം.
കെ.സി.രാജൻ
കേരളാ ക്ഷീരകർഷക കോൺഗ്രസ് (ഐ.എൻ.ടി.യു. സി) സംസ്ഥാന പ്രസിഡന്റ്