
കുമരകം: കുമരകം ഏഴാം വാർഡിൽ മുത്തേരിമട - തിരുവാർപ്പ് റോഡിൽ പതിയാരത്ത് കടവ് പാലത്തിന് സമീപത്തായി ടാർ റോഡിനു നടുവിൽ വലിയ കുഴി രൂപപ്പെട്ടത് അപകടത്തിന് വഴിവെയ്ക്കും. അപകടമുണ്ടാകാതിരിക്കാൻ സമീപവാസികൾ മരക്കുറ്റികൾ നാട്ടി കുഴി അടയാളപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട തിരുവാർപ്പ് - കുമരകം അട്ടിപ്പീടിക റോഡിലെ കാക്കരയം മോട്ടാർ തറയ്ക്ക് മുകളിലായി തിരുവാർപ്പ് പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ പുതിയ കലുങ്ക് നിർമ്മിച്ചതോടെ ഇതുവഴി വലിയ തോതിൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. കുമരകത്തിന്റെ തെക്കൻ മേഖലയായ പാണ്ടൻ ബസാർ, ആശാരിശ്ശേരി, വെളിയം, കൊല്ലകേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ഇല്ലിക്കൽ എത്താനായി മൂന്ന് കിലോമീറ്ററോളം കുറച്ചു മതി എന്നതിനാൽ എളുപ്പ മാർഗമെന്ന നിലയിൽ തെക്കൻ പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്ന റോഡാണിത്. റോഡിൽ വലിയ കുഴി രൂപപ്പെട്ടതോടെ സ്കൂൾ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത അവസ്ഥയുണ്ട്. ചെമ്മായിക്കരി പാടശേഖരത്തിലെ കൃഷിയാവശ്യത്തിന് വെള്ളം കയറ്റുന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയുള്ള തൂമ്പ് തകർന്നാണ് കുഴി രൂപപ്പെട്ടത്. എത്രയും വേഗം കുഴി അടച്ച് വലിയ വാഹനങ്ങൾക്ക് സഞ്ചാര സൗകര്യമൊരുക്കുവാൻ അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.