
മറ്റക്കര: കുറുനരി ശല്യത്തിൽ പൊറുതിമുട്ടി കഴിയുകയാണ് മറ്റക്കര നിവാസികൾ. കോഴി ഫാമുകളിൽ നിന്നും വീടുകളിലെ കോഴിക്കൂടുകളിൽ നിന്നും ഒറ്റയ്ക്കു കൂട്ടമായും കോഴികളെ കാണാതാകുന്നത് പതിവായത് കർഷകരെ കുറച്ചൊന്നുമല്ല പ്രയാസത്തിലാക്കുന്നത്.
അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളുടെ വിവിധ വാർഡുകൾ അടങ്ങിയ പ്രദേശമാണ് മറ്റക്കര. നിരവധി റബ്ബർ തോട്ടങ്ങൾ ഉള്ള മേഖല കൂടിയാണ് ഇവിടം. ടാപ്പിംഗ് തൊഴിലാളികൾ വെളുപ്പാൻ കാലത്ത് ടാപ്പിംഗിനിടെ പലപ്പോഴും ഇവയെ കണ്ട് പേടിക്കാറുണ്ട്. പകൽ വെളിച്ചത്തിൽ ആളൊഴിഞ്ഞ തോട്ടങ്ങളിലും മറ്റും കൂട്ടമായി തമ്പടിക്കുന്ന ഇവറ്റകൾ സന്ധ്യയാകുന്നതോടെ പതിയെ പുറത്തിറങ്ങി തുടങ്ങു. വീടുകളുടെ അടുത്തേക്ക് വരെ കുറുനരികൾ എത്തിത്തുടങ്ങിയതോടെ വീട്ടുകാരും ഭയപ്പാടിലാണ്. സന്ധ്യാ സമയങ്ങളിൽ പന്നഗം തോട്ടിൽ കുളിക്കാൻ പോകുന്നവരും കുറുനരി കൂട്ടത്തെ പതിവായി കാണുന്നുണ്ട്.
ഈ പ്രദേശത്തെ കോഴി കർഷകർ ആകെ പ്രയാസത്തിലാണ്. ഫാമുകളിൽ അതിക്രമിച്ചു കയറി കോഴികളെ കൂട്ടത്തോടെ പിടിക്കുന്നത് തങ്ങൾ ഇനി എങ്ങനെ ജീവിക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്. ആട്, പശു എന്നിവയ്ക്കും ഇവയുടെ ആക്രമണ ഭീഷണിയുള്ളതായി കർഷകർ പറയുന്നു. മനുഷ്യരെ ഇവ ഇതുവരെ ആക്രമിച്ചിട്ടില്ലെങ്കിലും അതിനുള്ള സാദ്ധ്യത വിദൂരമല്ല. ഇവയെ നിയന്ത്രിക്കാൻ വനംവകുപ്പ് തലത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്നാണ് മറ്റക്കര നിവാസികളുടെ ആവശ്യം.
മറ്റക്കരയിലെ കുറുനരി ശല്യത്തിനെതിരെ നടപടി സ്വീകരിക്കണം
മറ്റക്കരയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുറുനരി ശല്യത്തിനെതിരെ സത്വര നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് മറ്റക്കര പൗരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.
സുനിൽ പാലാ