
പാലാ: കായികമേളയിലെ താരങ്ങളെ സത്യശീലൻ കാണുന്നില്ല; പക്ഷേ അവരുടെ ആവേശത്തിന്റെ ആരവം ആ കാതുകളിൽ സദാ അലയടിക്കുകയാണ്. അതുകൊണ്ടാണ് റവന്യു ജില്ലാ സ്‌കൂൾ കായികമേളയിൽ ഉത്തരവാദിത്വങ്ങളുമായി അന്ധനായ സത്യശീലൻ സജീവമായി നിൽക്കുന്നത്.
പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി അടുത്തിടെ ചുമതലയേറ്റ ഡി.ഇ.ഒ. സി. സത്യപാലൻ കാഴ്ചപരിമിതി കായികപ്രേമത്തിനും പ്രോത്സാഹനത്തിനും വിലങ്ങുതടിയല്ലെന്ന് തെളിയിക്കുകയാണ്. പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ച ഇന്നലെ രാവിലെ 9.30ന് തന്നെ അദ്ദേഹമെത്തി. ഉദ്ഘാടന സമ്മേളനത്തിൽ കുട്ടികൾക്ക് നല്ലൊരു സന്ദേശവും നൽകി. ഡി.ഇ.ഒ ഓഫീസിലെ തന്നെ ജീവനക്കാരനായ കിഷോറിനേയും കൂട്ടിയാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. പഠനത്തിൽ മാത്രമല്ല കായിക മത്സരങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് അവർക്കൊപ്പം ട്രാക്കിലെത്താൻ പരിമിതികൾ വകവയ്ക്കാതെയുള്ള വരവിന് പിന്നിലെന്ന് സത്യപാലൻ പറഞ്ഞു. ഷൊർണൂർ സ്വദേശിയാണ്. പാലാ കടപ്പാട്ടൂരിലാണ് താത്ക്കാലിക താമസം. ഭാര്യ ദേവയാനിയും അധ്യാപികയാണ്. ബിഫാം വിദ്യാർത്ഥിനി കൃഷ്ണപ്രിയ, ഡിഗ്രി വിദ്യാർത്ഥി അഖിൽ എന്നിവരാണ് മക്കൾ.