പൊൻകുന്നം:ഒരു മണ്ഡലകാലംകൂടി വന്നെത്തുകയാണ്. ഇടത്താവളങ്ങൾ ശബരിമല തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. തീർത്ഥാടനപാതയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ളതാണ് ക്ഷേത്രം. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനമാണ് ചിറക്കടവിൽ മഹാദേവന്. ഇവിടെ നിന്ന് ശബലിമലയ്ക്ക് പോകുന്ന അയ്യപ്പന്മാർക്ക് പരമ്പരാഗത ആചാരമായ പേട്ടതുള്ളൽ ആവശ്യമില്ല. അയ്യപ്പൻ ആയോധനമുറ പൂർത്തിയാക്കിയത് ചിറക്കടവിൽ നിന്നാണെന്നാണ് വിശ്വാസം. ഇതിന്റെ അനുസ്മരണമാണ് ചിറക്കടവിലെ പ്രസിദ്ധമായ വേലകളി. 1961 മുതൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലാണ്.

വിരിവെച്ച് വിശ്രമിക്കാം 500 പേർക്ക്

500 പേർക്ക് വിരിവെച്ച് വിശ്രമിക്കാവുന്ന നടപ്പന്തൽ ക്ഷേത്രത്തിലുണ്ട്. കോട്ടയത്ത് നിന്നും 32 കിലോമീറ്റർ സഞ്ചരിച്ച് പൊൻകുന്നത്തെത്തിയാൽ പൊൻകുന്നം മണിമല റൂട്ടിൽ മൂന്നു കിലോമീറ്ററാണ് ചിറക്കടവ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

സൗകര്യങ്ങൾ ഇങ്ങനെ

24 മണിക്കൂർ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കൗണ്ടർ

വിശാലമായ പാർക്കിംഗ് സൗകര്യം

തീർത്ഥാടകർക്കായി ശൗചാലയം

ക്ഷേത്രക്കുളത്തിൽ കുളിക്കാനുള്ള സൗകര്യം