
ചങ്ങനാശേരി : പെരുന്നയിലുള്ള ചങ്ങനാശേരി വില്ലേജ് ഓഫീസ് പരിസരം കാടുകയറി ഇഴ ജന്തുക്കളുടെ താവളമായി. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികാരികൾ വിഷയത്തിൽ ഇടപെടുന്നില്ല. വിവിധ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന ആളുകൾ ഭയപ്പാടോടെയാണ് ഒാഫീസിലേക്ക് എത്തുന്നത്.
കഴിഞ്ഞമാസം ഉണ്ടായ ശക്തമായ കാറ്റിൽ ഇവിടെയുണ്ടായിരുന്ന മരങ്ങൾ കടപുഴകി വീണിരുന്നു. അന്നുവീണ മരങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. വില്ലേജ് ഓഫീസിലേക്ക് എത്തുന്നതിന് എം.സി റോഡിൽ നിന്നും മൂന്നടി വീതിയിൽ ഒരു ചെറിയ വഴി മാത്രമാണ് ഉള്ളത് അവശേഷിക്കുന്ന മുഴുവൻ സ്ഥലങ്ങളിലും വലിയ തോതിൽ കാടുവളർന്നു നിൽക്കുകയാണ്. താലൂക്ക് വികസന സമിതിയിലടക്കം ഇതു സംബന്ധിച്ച് പരാതി ഉണ്ടായെങ്കിലും യാതൊരുവിധത്തിലുള്ള നടപടിക്രമങ്ങളും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നഗരസഭയോടും ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയെങ്കിലും അവരും കണ്ടമട്ടില്ല. വില്ലേജ് ഓഫീസിന്റെ ജനലുകൾക്ക് ഉള്ളിലൂടെ ഇഴജന്തുക്കൾ ഓഫീസിൽ കയറുമോ എന്ന ഭയം ജീവനക്കാർക്കിടയിലുമുണ്ട്.
കാറ്റിൽ കടപുഴകി വീണ മരം ലേലം ചെയ്തു നൽകുന്നതിനും കാലതാമസം നേരിടുന്നു.