പാലാ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിനവും ഈരാറ്റുപേട്ട ഉപജില്ല കുതിപ്പ് തുടരുകയാണ്.
രണ്ടാം ദിവസത്തെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 180.5 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഈരാറ്റുപേട്ട ഉപജില്ലയ്ക്കുള്ളത്. 172 പോയിന്റുമായി പാലാ രണ്ടാം സ്ഥാനത്തും 125 പോയിന്റുമായി കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനത്തുമുണ്ട്.
സ്കൂൾതലത്തിൽ 143 പോയിന്റ് നേടിയ പൂഞ്ഞാർ എസ്.എം.വി. ഹയർസെക്കൻഡറി സ്കൂൾ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് 87 പോയിന്റേയുള്ളു. 35 പോയിന്റുമായി മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളാണ് മൂന്നാം സ്ഥാനത്ത്. ഈരാറ്റുപേട്ടയ്ക്ക് 20 സ്വർണവും 17 വെള്ളിയും 12 വെങ്കലവും ലഭിച്ചപ്പോൾ പാലായ്ക്ക് 18 സ്വർണ്ണവും 19 വെള്ളിയും 11 വെങ്കലവുമാണ് രണ്ടാം ദിവസം ലഭിച്ചത്.
മൂന്ന് മീറ്റ് റെക്കാഡുകൾ
രണ്ടാം ദിനം മൂന്ന് മീറ്റ് റെക്കാഡുകൾ പിറന്നു. 400 മീറ്ററിൽ പാലാ സെന്റ് തോമസ് സ്കൂളിലെ മുഹമ്മദ് സ്വാലിഹ് (49.1 സെക്കന്റ്), ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ പാലാ സെന്റ് തോമസ് സ്കൂളിലെ മിലൻ സാബു (4.10 മീറ്റർ), ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ പാലാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ആൻമരിയ ജോൺ (5.20) എന്നിവരാണ് റെക്കാഡ് തിരുത്തിയത്.
തളർന്നുപോയ
അച്ഛന് കരുത്താകട്ടെ
പാർവതിയുടെ സ്വർണം
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ഫൈനൽ പോരാട്ടത്തിനായി സ്റ്റാർട്ട് ലൈനിൽ നിൽക്കുമ്പോൾ പാർവതിയുടെ മനസിൽ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് തളർന്നുപോയ പിതാവ് ബിജുവിന്റെ മുഖമായിരുന്നു. പാലായിലെ സിന്തറ്റിക്ക് ട്രാക്കിൽ ഹർഡിലുകൾക്ക് മേൽ മിന്നൽപ്പിണറായി കുതിച്ചുപാഞ്ഞ പാർവതി ഒന്നാമതാ യി ഫിനിഷ് ചെയ്ത് പൊൻ തിളക്കത്തിൽ മിന്നിത്തിളങ്ങി പിതാവിന്റെ ആഗ്രഹം സഫലമാക്കി.
ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി. പെയിന്റിംഗ് ജോലിക്കാരനായ ബിജുവിന് മൂന്ന് വർഷം മുമ്പുണ്ടായ അപകടത്താലാണ് നട്ടെല്ല് പൊട്ടി തളർച്ച വന്നത്. ഇപ്പോഴാണ് കഷ്ടിച്ച് എഴുന്നേറ്റ് നടക്കാൻ തുടങ്ങിയത്. പെയിന്റിംഗ് ജോലി ചെയ്യാൻ കഴിയാത്തതിനാൽ മല്ലികശ്ശേരി കമ്പനിപ്പടിയിൽ ചെറിയൊരു കടയിട്ടിരിക്കുകയാണ്. പാർവതിയുടെ അമ്മ വിജി തയ്യൽ തൊഴിലാളിയാണ്. ചേച്ചി ഗൗരി പ്ലസ് ടു വിദ്യാർത്ഥിനിയാണ്. കുടുംബത്തിനൊരു താങ്ങാകാൻ കായിക രംഗത്തെ കുതിപ്പിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർവതി. പൊന്നി ജോസാണ് കായികാദ്ധ്യാപിക.
അതുക്കും
മേലെ മിലൻ!
വിധി തീർത്ത വേദനയ്ക്ക് മുന്നിൽ കിതച്ചുനിന്ന ഷീജയെന്ന വീട്ടമ്മയ്ക്ക് മകൻ മിലന്റെ കുതിപ്പ് അവശതകൾക്കിടയിലും സന്തോഷ കണ്ണീർകാഴ്ചയായി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജൂനിയർ വിഭാഗം പോൾവോൾട്ടിൽ സംസ്ഥാന റെക്കാഡ് മെച്ചപ്പെടുത്തിയ പ്രകടനത്തോടെ (4.10 മീറ്റർ ) മിലൻ കുതിച്ചുയരുകയായിരുന്നു.
മിലന്റെ നേട്ടം കാണാൻ അമ്മ ഷീജയും സഹോദരങ്ങളായ മെൽബയും മെൽബിനും സ്റ്റേഡിയത്തിലെത്തിയിരുന്നു. പാലാ ജമ്പ്സ് അക്കാഡമിയിലെ സതീഷ്കുമാറാണ് മിലന്റെ കോച്ച്.
മിലന്റെ അച്ഛൻ സാബു 11 വർഷം മുൻപ് അപകടത്തിൽ മരീച്ചു. പിന്നീട് അമ്മയായിരുന്നു മിലനും സഹോദരി മെൽബയ്ക്കും സഹോദരൻ മെൽബിനും എല്ലാറ്റിനും കൂട്ട്.
ഏഴ് മാസം മുൻപാണ് പുറം വേദനയുടെ രൂപത്തിൽ ഷീജയിൽ ക്യാൻസറെത്തിയത്. ഇപ്പോൾ ചികിത്സയിലാണ്. മിലന്റെ ചേച്ചി മെൽബയും പോൾവോൾട്ട് താരമാണ്. ചേട്ടൻ മെൽബിൻ കിടങ്ങൂർ സെന്റ്മേരീസ് സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.
സ്വയം പരിശീലിച്ച് ശിവനന്ദൻ നേടിയ
വെങ്കലത്തിന് പൊൻതിളക്കം
ഒരു പരിശീലകന്റെയും സഹായമില്ലാതെ നാല് ദിവസം മുൻപ് സ്വയംഓടി പരിശീലിച്ച് തുടങ്ങിയ ശിവനന്ദൻ സബ് ജൂനിയർ 80 മീറ്റർ ഹർഡിൽസിൽ നേടിയ വെങ്കലത്തിന് സ്വർണ ശോഭയാണ്.
കൈപ്പുഴ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇത്തവണത്തെ ജില്ലാ കായി ക മേളയിൽ പങ്കെടുത്ത ഒരേയൊരു താരവും എട്ടാം ക്ലാസുകാരൻ ശിവനന്ദൻ മാത്രമാണ്.
കട്ടച്ചിറയിലെ വർക്ക്ഷോപ്പ് ജീവനക്കാരനായ കൈപ്പുഴ കുന്നത്തേട്ട് വിനേഷിന്റേയും സുമയുടേയും മകനാണ്. ചേട്ടന്റെ മത്സരം കാണാൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അനിയത്തി ശിവന്യയുംമാതാപിതാക്കളുമുണ്ടായിരുന്നു. അദ്ധ്യാപകരാരും വന്നിരുന്നില്ല.
മത്സരത്തിന് ശേഷം സ്വർണം നഷ്ടമായ സങ്കടത്തിൽ ശിവനന്ദൻ വിതുമ്പിയെങ്കിലും സ്കൂളിലെ അഭിമാന താരമല്ലേടാ നീയെന്ന് പറഞ്ഞ് അമ്മ ഷാളുകൊണ്ട് കണ്ണീരൊപ്പിയപ്പോൾ അത് പുഞ്ചിരിയായി മാറി.
അദ്ധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു,
പരിക്കേൽപ്പിക്കുന്ന ട്രാക്ക്
ജില്ലാ സ്കൂൾ കായികമേളയിൽ കുട്ടികൾക്ക് കൂട്ടായെത്തിയ അദ്ധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു. കൈക്കും മുഖത്തും പൊള്ളലേറ്റ അദ്ധ്യാപികയ്ക്ക് സ്റ്റേഡിയത്തിന്റെ കവാടത്തിൽ സജ്ജീകരിച്ചിട്ടുള്ള മെഡിക്കൽ എയ്ഡ്പോസ്റ്റിൽ ചികിത്സ നൽകി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇരുപതോളം കായികതാരങ്ങളാണ് പരിക്കേറ്റ് മെഡിക്കൽ എയ്ഡ് പോസ്റ്റിൽ ചികിത്സയ്ക്കെത്തിയത്. തകർന്ന സിന്തറ്റിക് ട്രാക്കിൽ കാലുരഞ്ഞും വീണുമാണ് മിക്ക കായികതാരങ്ങൾക്കും പരിക്കേറ്റത്. മെഡിക്കൽ എയ്ഡ് പോസ്റ്റിൽ രണ്ട് നേഴ്സുമരുടെ സേവനം എപ്പോഴുമുണ്ട്. തൊട്ടടുത്തുതന്നെ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ പരിക്കുകളെല്ലാംസെന്ററിലെ നേഴ്സുമാരായ രാജേഷ്കുമാറും ജാസ്മിൻ ജോസും ചേർന്ന് പരിഹരിക്കും.സാരമായ പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലെത്തിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്.
മഴയുടെ മീറ്റ്
കനത്ത മഴയെ തുടർന്ന്ഇന്നലെ ഉച്ചതിരിഞ്ഞ് 2മുതൽ ഒന്നര മണിക്കൂറോളം മത്സരങ്ങൾ നിറുത്തി വയ്ക്കേണ്ടി വന്നു. ആദ്യം മഴ ചാറിയപ്പോൾ കാര്യമാക്കാതെ സംഘാടകർ മത്സര ഇനങ്ങൾ തുടർന്നെങ്കിലും കനത്ത മഴയെത്തിയതോടെ മത്സരങ്ങൾക്ക് ചുവപ്പുകൊടി വീശി. യഥാസമയം മത്സരങ്ങൾ തുടർന്നു നടത്താൻ കഴിയാത്തതിന്റെ ആശങ്കയുണ്ട് സംഘാടകർക്ക്. മഴമൂലം നടത്താൻ വൈകിയ മത്സരങ്ങൾ ഓടിച്ചിട്ട് നടത്തി. ഏത് വിധേനയും ഇന്ന് തന്നെ കായികമേളയുടെ സമാപനം കുറിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സംഘാടകർ.
ഇന്ന് കൊടിയിറങ്ങും
മത്സരങ്ങൾ ഇന്ന് സമാപിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സമ്മാനദാനം നിർവഹിക്കും. പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഡി.ഡി. സുബിൻ പോൾ മുഖ്യാതിഥിയായിരിക്കും.