
കോട്ടയം: തോട്ടത്തിൽപ്പടി മുതൽ പുളിങ്ങാശേരി റോഡിലൂടെ പോയാൽ തോന്നും ഏതോ വനപാതയിലൂടെയാണോ നമ്മൾ പോകുന്നതെന്ന്. റോഡിന് ഇരുവശവും കാട് വളർന്ന് വനത്തിന് സമാനമാണ്. വിദ്യാർത്ഥികൾ, ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നവർ, ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ തുടങ്ങി നിരവധിയാളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന റോഡാണിത്. ഇളംകാവ് ഭഗവതി ക്ഷേത്രം, ഗവ.ആയുർവേദാശുപത്രി, കൂരോപ്പട കൃഷിഭവൻ സ്റ്റേറ്റ് റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ വളം മിക്‌സിംഗ് യൂണിറ്റ് സെയിൽസ് ഡിപ്പോ തുടങ്ങിയ സ്ഥാപനങ്ങൾ റോഡിന്റെ വശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എൻ.എസ്.എസ് നഴ്‌സറി സ്‌കൂൾ, ഹൈസ്‌കൂൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള എളുപ്പവഴിയുമാണ് ഈ റോഡ്. അതിനാൽ നിരവധി പേരാണ് റോഡ് ഉപയോഗിക്കുന്നത്. സ്‌കൂൾ ബസുകൾ, സ്വകാര്യ വാഹനങ്ങൾ, റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥാപനങ്ങളിലേക്കുള്ള ലോറികൾ തുടങ്ങിയവയും റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.
ഒരാൾ പൊക്കത്തിൽ കാട്
കോത്തല തോട്ടത്തിൽപ്പടി മുതൽ പുളിങ്ങാശേരി ഭാഗം വരെയുള്ള 400 മീറ്ററോളം ഭാഗത്ത് ഇരുവശവും ഒരാൾപൊക്കത്തിൽ വരെ കാട് വളർന്ന് പന്തലിച്ചു. ഇതേതുടർന്ന് റോഡിന്റെ വീതി പകുതിയായി കുറഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ ഒരേ സമയം കടന്നു വരുമ്പോൾ സൈഡ് കൊടുക്കാൻ കഴിയുന്നില്ല. കാൽ നടയാത്രക്കാർക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാനായി വശങ്ങളിലേക്ക് ഓടിമാറാനും സാധിക്കുന്നില്ല. കുറ്റിച്ചെടികളും മുൾപ്പടർപ്പുകളും കൊണ്ട് ഇരുവശവും നിറഞ്ഞു. ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. കാൽനടയാത്രികർ ജീവൻ പണയംവെച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്.
കാടിന്റെ മറവിൽ മാലിന്യം തള്ളൽ
കാട് വളർന്നുനിൽക്കുന്നത് മാലിന്യം വലിച്ചെറിയുന്നവർക്കും സഹായകമാകുന്നു. ശുചിമുറി മാലിന്യം, ഇറച്ചിക്കടമാലിന്യം തുടങ്ങിയവ വലിച്ചെറിയുന്നത് നിത്യ സംഭവമാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉപയോഗിച്ച് കാടുംമറ്റും നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
റോഡിന് ഇരുവശത്തെ കാടുകൾ വെട്ടിനീക്കുന്നതിനും മാലിന്യം തള്ളുന്നത് തടയുന്നതിനും സി.സി.ടി.വി കാമറകൾ റോഡിൽ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. തോട്ടത്തിൽ പടി മുതൽ ഇളംകാവ് അമ്പലക്കവല വരെയുള്ള 900 മീറ്റർ റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണം.-പി.എൻ ശിവൻ, കോത്തല, പൊതു പ്രവർത്തകൻ