കൂട്ടിക്കൽ : കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആരോഗ്യവകുപ്പ് അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. അടുത്തമാസത്തോടു കൂടി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും. നിലവിലുണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകളാണ് ഒന്നാം ഘട്ടമായി ഇപ്പോൾ നിർമിക്കുന്നത്. 52.71 സെന്റ് സ്ഥലസൗകര്യമുള്ള ആശുപത്രിവളപ്പിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ കെട്ടിടം നിർമി ക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ നിരീക്ഷണ മുറി, ആന്റിജൻ ടെസ്റ്റിംഗ്റൂം, ഡ്രസിംഗ് റൂം, വെയിറ്റിംഗ് ഏരിയ, റിസപ്ഷൻ, ഹെൽത്ത് ഇൻസ്പെക്ടറുടെ മുറി, ഫീഡിംഗ് റൂം, ഫാർമസി സ്റ്റോർ, ലാബ്, ഗാർബേജ് കളക്ഷൻ, ടോയ്‌ലറ്റ്, സ്റ്റെയർ കേയ്സ് എന്നിവയും ഒന്നാം നിലയിൽ കൺസൾട്ടിംഗ് റൂം, വെയിറ്റിംഗ് ഏരിയ, പ്രീചെക്ക് ഏരിയ, ഇമ്യൂണൈസേഷൻ ഏരിയ, സ്റ്റോർ, ഫീഡിംഗ് റൂം, ടോയ്‌ലറ്റ് എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും.