കോട്ടയം: നഗരസഭയുടെ ആധുനിക അറവുശാല എപ്പോൾ തുറക്കാനാവുമെന്ന് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം. നവംബർ നാലിന് മുമ്പ് മറുപടി നൽകിയില്ലെങ്കിൽ നാലിന് രാവിലെ 10.15ന് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരകണമെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. അറവുശാല തുറന്ന് പ്രവർത്തിക്കാത്തതിനെതിരെ ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നിർദേശം.

കോടിമത മാർക്കറ്റ് റോഡരികിൽ നാലു വർഷം മുമ്പ് ഉദ്ഘാടനം കെങ്കേമമായി നടത്തിയശേഷം അധികൃതർ മടങ്ങിപ്പോയതല്ലാതെ അറവുശാല ഇതുവരെയും തുറന്നു പ്രവർത്തിച്ചിട്ടില്ല. ഇതിനെതിരെയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.

വിവിധ ഘട്ടങ്ങളിലായി 3.10 കോടി രൂപ മുടക്കിയാണ് ആധുനിക അറവുശാലയുടെ നിർമാണം നഗരസഭ പൂർത്തിയാക്കിയത്. തുടർന്ന് ഉദ്ഘാടനം നടത്തിയെങ്കിലും ഒരു മൃഗത്തെ പോലും അറുക്കാനായില്ല. മാലിന്യ സംസ്‌കരണ പ്ലാന്റ് ഉൾപ്പെടെയുള്ളവയുടെ അഭാവത്താൽ പ്ലാന്റ് അടഞ്ഞു കിടക്കുകയായിരുന്നു.

ആധുനിക അറവുശാലയെന്നാണ് പേരെങ്കിലും കാലഹരണപ്പെട്ട സംവിധാനമാണ്. ഇവയ്ക്കുള്ളിൽ സ്ഥാപിച്ച മെഷീനുകൾ പലതും തുരുമ്പെടുത്തു. തുറന്നു പ്രവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടവും പരിപാലനവും ആവശ്യമാണ്. ഇതിൽ നിന്ന് ഒളിച്ചോടാനാണ് അധികൃതർ ശ്രമിക്കുന്നത്. -എം.എ. സലിം,​ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ്.