കോട്ടയം: ഇത്തവണത്തെ ശബരിമല തീർത്ഥാടനം കുറ്റമറ്റതാക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ ആരംഭിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ സംബന്ധിച്ച് എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 29ന് പമ്പയിൽ ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം നടക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാ ണെന്നും മന്ത്രി പറഞ്ഞു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, റവന്യൂ ദേവസ്വം സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

മുന്നൊരുക്കങ്ങൾ ഇങ്ങനെ
എരുമേലിയിൽ പാർക്കിംഗ് സൗകര്യം വിപുലീകരിക്കും.
ഭവനനിർമാണ ബോർഡിന്റെ കീഴിലുള്ള ആറരയേക്കർ സ്ഥലം ശുചിമുറി സൗകര്യങ്ങൾ അടക്കമുള്ളവ സജ്ജമാക്കും.
ശബരിമല ഡ്യൂട്ടിക്ക് പരിചയസമ്പന്നരായ പൊലീസുകാരെ നിയോഗിക്കും.
പൊലീസിന്റെ നേതൃത്വത്തിൽ വിശ്രമകേന്ദ്രങ്ങളും ലഘുഭക്ഷണങ്ങളും.
ആതുരാലയങ്ങളിൽ മതിയായ ആന്റിവെനം.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് കൂടുതൽ ചാർജിംഗ് സ്‌റ്റേഷനുകൾ.
മാലിന്യസംസ്‌കരണത്തിന് പദ്ധതികൾ നടപ്പാക്കും.
ചങ്ങനാശേരി നഗരസഭയിലെ മൊബൈൽ സെപ്റ്റിക് മാലിന്യസംസ്‌കരണ യൂണിറ്റ് ലഭ്യമാക്കും.
എക്‌സൈസ്, പൊലീസ് വകുപ്പിന്റെ പരിശോധന ശക്തമാക്കും.
വില ഏകീകരണം, പാർക്കിംഗ് ഫീസും ശുചിമുറി ഉപയോഗത്തിനുള്ള ഫീസും ഏകീകരിക്കും.
തീർത്ഥാടകർക്ക് 24 മണിക്കൂറും കുടിവെള്ളം.
കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയിൽ നിന്നുള്ള ശബരിമല സർവീസുകളുടെ എണ്ണം 20ആയി വർദ്ധിപ്പിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.
കണമലയിൽ റിക്കവറി വാഹനങ്ങളെയും റെസ്‌ക്യൂ ടീമിനെയും സ്ഥിരമായി നിയോഗിക്കും.