വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഇൻവെസ്റ്റേഴ്‌സ് മീറ്റ് നടത്തുമെന്ന് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് പറഞ്ഞു. വൈക്കത്തുകാരായ ഒട്ടനവധി ആളുകൾ സ്വദേശത്തും വിദേശത്തും സംരംഭകരായിട്ടുണ്ട്. ഇവരുടെ സേവനം നാടിന് പ്രയോജനകരമാക്കി തീർക്കുകയും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമൂഹ്യ പരോഗതി കൈവരിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നുള്ള വ്യവസായ വകുപ്പ് മന്ത്രിയുടെ നിർദ്ദേശവുമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വയോജന സാന്ത്വന പരിപാലനം, സ്‌പോർട്‌സ്, ടൂറിസം, ഹോസ്പിറ്റൽ മാനേജ്‌മെന്റ്, സംസ്‌കരണം, പരമ്പരാഗത വ്യവസായങ്ങളുടെ നവീനവൽക്കരണം തുടങ്ങിയ സംരംഭങ്ങളിലൂടെ പുതുതായി 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി നവംബർ 12ന് രാവിലെ 10ന് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ചേരുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സംരംഭകരെ ആദരിക്കലും മന്ത്രി പി. രാജീവ് നിർവഹിക്കും.