
പാലാ: പ്രായം തളർത്താത്ത സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ പാലായുടെ സ്വന്തം ''വി.സി. സാർ'' കളിമൈതാനത്തെത്തി. നീണ്ട അരനൂറ്റാണ്ടിനപ്പുറം കായിക അദ്ധ്യാപകനും പരിശീലകനുമായി പ്രവർത്തിച്ച വി.സി ജോസഫ് പ്രായത്തിന്റെ പങ്കപ്പാടുകൾ വകവയ്ക്കാതെയാണ് പുതുതലമുറയുടെ കായിക പ്രകടനം കാണാൻ ഇന്നലെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തിയത്.
86 കാരനായ വള്ളിച്ചിറ വാലിയിൽ വി.സി ജോസഫ് എന്ന പരിചയക്കാരുടെ ''വി.സി സാറിന്'' കളിത്തട്ടിൽ ആയിരക്കണക്കിന് ശിഷ്യരുണ്ട്. ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്‌ളോമ കോഴ്‌സ് കഴിഞ്ഞ് ഗ്വാളിയോറിൽ നിന്ന് അത്‌ലറ്റിക്‌സിൽ പ്രത്യേക പരിശീലനവും നേടിയ ശേഷം 28ാം വയസിൽ വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്‌കൂളിൽ കായിക അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 15 വർഷം അവിടെ തുടർന്നു. തുടർന്നുള്ള 15 വർഷം പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലായിരുന്നു.
വിരമിച്ചശേഷം 22 വർഷത്തോളം പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക താരങ്ങളെ പരിശീലിപ്പിച്ചു. രണ്ട് വർഷം മുൻപ് കാൽമുട്ടുകൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് വി.സി സാർ പരിശീലക കുപ്പായം അഴിച്ചത്. നിരവധി ദേശീയ അന്തർദേശീയ താരങ്ങളുടെ ഗുരുവാണ് ഇദ്ദേഹം. അന്നക്കുട്ടിയാണ് ഭാര്യ. ജാനീസ്, നെൽസൺ, സുനിൽ ജോസഫ് എന്നിവരാണ് മക്കൾ. ഇന്നലെ സ്റ്റേഡിയത്തിൽ വി.സി. സാറിനെ കാണാൻ ഇന്ത്യൻ നേവി അത്‌ലറ്റിക് ടീം കോച്ച് ആയ അരുൺ കെ. ജോസഫ് ഉൾപ്പെടെ നിരവധി ശിഷ്യരെത്തിയിരുന്നു.