www

കുമരകം : ഞങ്ങൾക്ക് സുരക്ഷിതമായി തോടിന് അക്കരെയെത്താൻ ഒരു പാലം വേണം!. തങ്ങളുടെ ആവശ്യം മങ്കുഴിക്കാർ എത്ര വട്ടം പറഞ്ഞു എന്നതിന് കണക്കില്ല. പ്രദേശത്ത് പാലങ്ങളുടെ എണ്ണം നാലാണ്. അതുകൊണ്ട് എന്ത് പ്രയോജനമെന്ന് പ്രദേശവാസികൾ ചോദിക്കും. അത് ശരിവെയ്ക്കും പോലെ

അതിലൊന്ന് ഇന്നലെ നിലംപൊത്തി. കുമരകം മൂന്നാം വാർഡിലെ ചുളഭാഗം -പൂങ്കശ്ശേരി പാലം തകർന്നുവീണപ്പോൾ ഭാഗ്യം ഒന്നുകൊണ്ട് ആളപായമുണ്ടായില്ല. നടകൾ തോട്ടിലേക്ക് പതിച്ചതോടെ പാലത്തിലേക്ക് കാലുവെയ്ക്കാൻ തരമില്ല. ഇതോടെ പ്രദേശവാസികളുടെ യാത്രാദുരിതം ഇരട്ടിയാകും.

ഭാഗ്യം , തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പാലത്തിന്റെ പടിഞ്ഞാറേകരയിൽ കല്ലുകെട്ടി ഉയർത്തിയിരുന്ന ഭാഗമാണ് നിലംപൊത്തിയത്. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. പൂങ്കശേരി ഭാഗത്ത് നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികൾ കടന്നുപോയി മിനിട്ടുകൾക്കകം പാലം നിലംപൊത്തി. മങ്കുഴി പാടശേഖരത്തിലെ ചിറകളിലും തുരുത്തുകളിലുമായി താമസിക്കുന്ന ആളുകളും കൃഷിക്കാരുമടക്കം നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന്ന പാലമാണ് തകർന്നുവീണത്. ഇരുവശവും കൽപ്പടവുകളും ഇരുമ്പ് ഗർഡറുകളും കൊണ്ട് നിർമ്മിച്ചതാണ് നടപ്പാലം.

നടപ്പാലത്തിന് പഴക്കം: 35 വർഷം

വർഷങ്ങളായി അപകടാവസ്ഥയിൽ

പാലത്തിന്റെ അടിത്തട്ടിലെ കല്ലുകൾ വർഷങ്ങളായി ഇളകിയനിലയിലായിരുന്നു. ഗർഡറുകളും ഷീറ്റും തുരുമ്പുകയറി ദ്രവിച്ചിരുന്നു. പാലം നവീകരിക്കണമെന്ന് മുമ്പ് പലവട്ടം ആവശ്യം ഉയർന്നെങ്കിലും കുമരകം പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ല.

എല്ലാ കണക്കാ...

മങ്കുഴി പ്രദേശത്തേക്ക് സഞ്ചരിക്കാൻ നാല് പാലങ്ങളാണ് ആകെയുള്ളത്. പക്ഷേ ഒന്നുകൊണ്ടും പ്രയോജനമില്ല.

6 വർഷം മുമ്പ് നിർമ്മിച്ച പൗവ്വത്ത് പാലത്തിലേക്ക് വലിയ വാഹനങ്ങൾ കയറാൻ പ്രയാസമാണ്. ചിറത്തറ ഭാഗത്തെ പാലം വർഷങ്ങൾക്ക് മുമ്പ് തകർന്നു. പാലത്തിലെ ഗർഡറിലൂടെയാണ് ആളുകൾ കയറിയിറങ്ങുന്നത്. മാളേക്കൽ പാലം ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.

കോട്ടത്തോടിന് കുറുകെയുള്ള കാരിക്കത്ര പാലത്തിന്റെ ഒരു ഭാഗം ഒരു വർഷം മുമ്പ് തകർന്നും അപകടം സംഭവിച്ചിരുന്നു.

നടപ്പാലം നിർമ്മിച്ചു നൽകാമെന്ന് ജനപ്രതിനിധികൾ പലപ്പോഴായി വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പായില്ല.