കറുകച്ചാൽ: കൊടുങ്ങൂരിൽ പ്രവർത്തിച്ചിരുന്ന പാചകവാതക വിതരണ ഏജൻസി പ്രവർത്തനം നിർത്തിയതോടെ ഗുണഭോക്താക്കൾ വലയുന്നു. കൃത്യമായി പാചക വാതകം കിട്ടാതായതോടെ ആയിരക്കണക്കിന് ഗുണഭോക്താക്കളാണ് ബുദ്ധിമുട്ടിലായത്. നാലുമാസം മുൻപാണ് കൊടുങ്ങൂരിലെ ഏജൻസി സാങ്കേതിക കാരണങ്ങളാൽ നിർത്തിയത്. ഇതോടെ ഏജൻസിക്ക് കീഴിലുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കളെ പാമ്പാടി, മണിമല തുടങ്ങി വിവിധ ഏജൻസികളുടെ കീഴിലാക്കി. ആവശ്യക്കാർ കൂടിയതോടെ എല്ലാവർക്കും പാചകവാതകം കിട്ടാത്ത സാഹചര്യമുണ്ടായി. പലരും ദിവസങ്ങളോളം പാചക വാതകത്തിനായി കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്. മുൻപ് കൃത്യമായി ഗ്രാമീണ മേഖലയിൽ പോലും പാചകവാതകവുമായി ലോറികൾ എത്തിയിരുന്നു. എന്നാലിപ്പോൾ എല്ലായിടത്തും വിതരണം നടത്താൻ കഴിയുന്നില്ല. പരാതികൾ ഏറിയതോടെ നിരവധി ഗുണഭോക്താക്കളെ നെത്തല്ലൂരിലെ ഏജൻസിയുടെ കീഴിലാക്കി. ഇവിടെ നിന്നും സിലിണ്ടർ വിതരണം ആരംഭിച്ചെങ്കിലും ബുദ്ധിമുട്ടാണെന്ന് ഗുണഭോക്താക്കൾ പറയുന്നു. സമീപത്തുള്ള പള്ളിക്കത്തോട്ടിലെ ഏജൻസിയും അടുത്തകാലത്ത് നിർത്തിപ്പോയിരുന്നു.


ആയിരക്കണക്കിന് ഗുണഭോക്താക്കളുണ്ടായിരുന്ന ഏജൻസിയാണ് നിന്നു പോയത്. പുതിയ ഏജൻസി ആരംഭിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടൽ വേണം. -ഗുണഭോക്താക്കൾ.