vaikom-viswan

കോട്ടയം: മണിക്കൂറുകളോളം നീളുന്ന തീപ്പൊരി പ്രസംഗം. ആ വാക്കുകളെ നെഞ്ചേറ്റിയവർ ഏറെയാണ്. അതേ,​ ഒരു തലമുറയെ ഇളക്കി മറിച്ച വൈക്കം വിശ്വൻ 28ന് ​85ന്റെ പടികൾ കയറുകയാണ്. തലയോലപ്പറമ്പിൽ നിന്ന് കുടമാളൂരെത്തിയിട്ട് നാൽപ്പതിലേറെ വർഷമായി. ഡോക്ടർമാർ വിശ്രമജീവിതം വിധിച്ചിട്ടും പ്രത്യേക ക്ഷണിതാവായി ഇന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയോഗങ്ങളിലും പൊതുപരിപാടികളിലും സജീവമാണ്.

1959ൽ 19 ാം വയസിൽ പാർട്ടി അംഗമായി .1967ൽ കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായപ്പോൾ പിണറായി വിജയനായിരുന്നു സംസ്ഥാന സെക്രട്ടറി. .സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം , പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം. ഇടതുമുന്നണി സംസ്ഥാന കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. എ.കെ ആന്റണിയും വയലാർ രവിയും വൈക്കം വിശ്വനും ഒരേ കാലത്താണ് എറണാകുളം മഹാരാജാസ് കോളേജിൽ പഠിച്ചത്. ബി.എക്ക് ശേഷം കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം സ്കൂളിൽ മലയാളം അദ്ധ്യാപകനായെങ്കിലും ഉപരിപഠനത്തിനായി രാജിവെച്ചു. എം.എ കഴിഞ്ഞപ്പോൾ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് ഇന്റർവ്യൂവിൽ വിജയിച്ചെങ്കിലും ജോലിക്കൊന്നും പോകേണ്ട രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കാനായിരുന്നു എ.കെ.ജിയുടെ ഉപദേശം. സർക്കാർ ജോലിയെന്ന സ്വപ്നം അതോടെ ഉപേക്ഷിച്ചു. 1980ൽ ഏറ്റുമാനൂരിൽ മത്സരിച്ചു എം.എൽ.എയായി. ടി.കെ. രാമകൃഷ്ണന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു പാർട്ടികുടുംബത്തിൽ നിന്നുള്ള കോളേജ് അദ്ധ്യാപികയായ ഗീതയെ വിവാഹം കഴിച്ചത്.

നേരിട്ടു, വലിയ മർദ്ദനം

കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ ഉറച്ചുനിന്നു. സി.പി.ഐക്ക് സ്വാധീനമുള്ള വൈക്കത്ത് ബസിൽ നിന്ന് പിടിച്ചിറക്കിയായിരുന്നു മർദ്ദനം. മരിച്ചെന്നു കരുതി പുറത്ത് കല്ലെടുത്തു വെച്ചിട്ടാണ് എതിരാളികൾ പോയത്. ദീർഘകാല ചികിത്സയിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് വന്നത്.