bridge

അമ്പാറ: പനയ്ക്കപ്പാലത്തെ പാലം യാത്രക്കാർക്ക് പാരയാണ്. പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികൾ തകർന്ന് പാലം അപകടാവസ്ഥയിലായിട്ട് നാളുകളായി. ഇനിയിപ്പോൾ തെരഞ്ഞെടുപ്പ് സമയത്തേ നേതാക്കൻമാരെ ഇതുവഴി കാണാൻ കഴിയൂ എന്ന നിലപാടാണിപ്പോൾ ജനങ്ങൾക്കുള്ളത്. പറയേണ്ടവരോട് പലവട്ടം പറഞ്ഞു. ഒരു പണിയും നടക്കുന്നില്ല.

തിടനാട്, തലപ്പലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ജില്ലാ പഞ്ചായത്തിന്റെയും എം.പി. ഫണ്ടിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ പണി പൂർത്തിയാക്കിയ പാലം രണ്ട് പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഏറെ പ്രയോജനകരമായിരുന്നു.

തിടനാട് പഞ്ചായത്തിന്റെ ഭാഗത്ത് സംരക്ഷണവേലി പഞ്ചായത്ത് അധികാരികൾ നിർമ്മിച്ചുവെങ്കിലും പാലത്തിന്റെ കൈവരികളും തലപ്പലം പഞ്ചായത്തിന്റെ ഭാഗത്തെ സംരക്ഷണവേലികളും ഇപ്പോഴും തകർന്ന അവസ്ഥയിലാണ്.

ഇതു സംബന്ധിച്ച് പലതവണ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും ജനങ്ങൾ പരാതികൾ നൽകിയിട്ട് മാസങ്ങളായി. ഇതുവരെയും തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നിരിക്കുന്നത് അപകടഭീഷണി ഉയർത്തുകയാണ്.

എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന ആശങ്കയിലാണ് ഇവിടുത്തുകാർ. ഈ ഭാഗത്ത് തെരുവു വിളക്കുകളുടെ അഭാവവും രാത്രികാല യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പാലത്തിന്റെ കൈവരികൾ അടിയന്തരമായി നന്നാക്കണം

പനയ്ക്കപ്പാലം പാലത്തിന്റെ തകർന്ന കൈവരികൾ അടിയന്തിരമായി നന്നാക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് കൊണ്ടൂർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ അധികാരികളോട് ആവശ്യപ്പെട്ടു.