കോട്ടയം: തിരക്കേറിയ കഞ്ഞിക്കുഴി ജംഗ്ഷന് സമീപത്തെ ഓടകൾ നിറഞ്ഞ് മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നത് ദുരിതമാകുന്നു. കോട്ടയം നഗരത്തിലേക്കുള്ള പ്രവേശനകവാടമാണ് കഞ്ഞിക്കുഴി ജംഗ്ഷൻ. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും സ്‌കൂൾ വിദ്യാർത്ഥികളും എത്തുന്ന റോഡിലാണ് മാലിന്യവാഹിനിയായ ഓട നിറഞ്ഞൊഴുകുന്നത്. ദേശീയപാത 183ൽ മണർകാട് ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിന് എതിർവശത്താണ് ഓട സ്ഥിതി ചെയ്യുന്നത്. മാലിന്യങ്ങൾ അഴുകി രൂക്ഷ ദുർഗന്ധവുമുണ്ട്. സ്കൂൾ കുട്ടികൾ അടക്കം നിരവധിപേർ സഞ്ചരിക്കുന്ന റോഡായതിനാൽ മലിനജലം പരന്നൊരുകുന്നത് പകർച്ചവ്യാധിഭീഷണിയും ഉയർത്തുന്നു. കറുത്തനിറത്തിലാണ് മലിനജലം ഒഴുകുന്നത്. മഴ പെയ്യുമ്പോൾ മലിനജലം കൂടുതൽ ഭാഗത്തേക്ക് ഒഴുകിയെത്തുന്നതിനും കാരണമാവുന്നു.

ഒാടകളിലെ ഒഴുക്ക് തടസപ്പെട്ടു

ഓടകളിലെ ഒഴുക്ക് സുഗമമല്ലാത്തതും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. കഞ്ഞിക്കുഴി ഭാഗത്തെ ഓടകൾ ബന്ധിക്കുന്ന ദേശീയപാതയ്ക്ക് കുറുകെയുള്ള വലിയ കലുങ്കിലെ തടസമാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡരികിലെ ഓടയിലേക്കാണ് ഹോട്ടലുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും മാലിന്യക്കുഴൽ നീട്ടിയിരിക്കുന്നത്.

നഗരസഭ അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഓട വൃത്തിയാക്കി മലിനജലം തടസംകൂടാതെ ഒഴുകുന്നതിന് സാഹചര്യമൊരുക്കണം.


ടൗണിലേക്കുള്ള പ്രവേശനകവാടം കൂടിയായ കഞ്ഞിക്കുഴി ജംഗ്ഷനിലെ മാലിന്യപ്രശ്‌നത്തിന് അടിയന്തിരപരിഹാരം കാണണം. നഗരത്തിലെ തുറന്ന ഓടകൾക്ക് മൂടികൾ സ്ഥാപിക്കുന്നതിനുള്ള നടപടിയും അധികൃതർ സ്വീകരിക്കണം. -യാത്രക്കാർ.