rrr

എരുമേലി: ശബരിമല തീർത്ഥാടനകാലമായാൽ എരുമേലി ജനസാഗരമാകും. ഓരോ സീസൺ കാലയളവിലും എരുമേലിയിൽ വന്നുപോകുന്നത് ലക്ഷക്കണക്കിന് തീർത്ഥാടകരും. ഇത്രയധികം ഭക്തരെത്തുന്ന എരുമേലിയിൽ തീർത്ഥാടനകാലത്ത് അപകടങ്ങളോ, അത്യാഹിതമോ ഉണ്ടായാൽ എന്താകും അവസ്ഥ. വിദഗ്ദ്ധ ചികിത്സ ലഭിക്കില്ലെന്ന് ഉറപ്പാണ്. എരുമേലിയിൽ അതിനുള്ള സംവിധാനമില്ല. എരുമേലി സാമൂഹികാരോഗ്യകേന്ദ്രമുണ്ടല്ലോ എന്ന് ചോദ്യമുയർന്നാൽ എന്ത് കാര്യമെന്ന് എരുമേലിക്കാർ തിരിച്ചുചോദിക്കും. പ്രഥമിക ചികിത്സ നൽകാനുള്ള ഇടംമാത്രമായി എരുമേലി സാമൂഹികാരോഗ്യകേന്ദ്രം ചുരുങ്ങി. വിദഗ്ദ്ധ ചികിത്സ വേണമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മാത്രമാണ് ശരണം. ഹൃദയാഘാതവും അപകടങ്ങളുമാണ് ഭക്തർ നേരിടുന്ന പ്രധാന പ്രതിസന്ധികൾ. എന്നാൽ അതിനവേണ്ട ചികിത്സാസൗകര്യങ്ങൾ എരുമേലി ആശുപത്രിയിലില്ല.

1996ലാണ് സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയർത്തിയത്. അന്ന് പ്രസവം, ഓപ്പറേഷൻ, മോർച്ചറി, പോസ്റ്റമോർട്ടം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഇതൊന്നുമില്ല.

ആശ്രയം കാഞ്ഞിരപ്പള്ളിയോ കോട്ടയമോ

കഴിഞ്ഞ തീർത്ഥാടനകാലത്ത് എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പലരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്ന സാഹചര്യമായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ എത്തിച്ചാൽ പൊട്ടലോ ചതവോ കണ്ടെത്താൻ മാർഗമില്ല. എക്സ്‌റേ സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു മറുപടി. തീർത്ഥാടകാലത്ത് മാത്രമാണ് ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുക. തീർത്ഥാടന കാലത്ത് താത്കാലിക ഡിസ്‌പെൻസറി സജ്ജമാക്കും. ജീവനക്കാരെ നിയോഗിക്കും. മരുന്നും ലഭ്യമാക്കും.

ദിവസവും ഒ.പിയിൽ ചികിത്സ തേടുന്നത്: ശരാശരി 200 പേർ

30 കിടക്കകൾ

അഞ്ച് നില കെട്ടിടമുണ്ടെങ്കിലും 30 കിടക്കകൾ മാത്രമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒമ്പത് ഡോക്ടർമാരുടെ സേവനമുണ്ട്. എന്നാൽ കാർഡിയോളജി, അസ്ഥിരോഗം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങൾക്കായുള്ള ഡോക്ടർമാർ ഇല്ല. ആശുപത്രിയിലേക്ക് ഡോക്ടർമാരെത്തിയാലും അവർക്കായി വേണ്ട സൗകര്യങ്ങളും തരപ്പെടുത്തിയിട്ടില്ല.

വേണം ആധുനിക ചികിത്സാകേന്ദ്രം

തീർത്ഥാടനകേന്ദ്രമായ എരുമേലിക്ക് ഇനിവേണ്ടത് ആധുനിക ചികിത്സാ കേന്ദ്രമാണ്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രാലയം, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നിരവധി തവണ നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, നടപടി സ്വീകരിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മറുപടി നൽകിയെങ്കിലും തുടർനടപടിയില്ല.

വിഷയത്തിൽ വലിയ അവഗണനയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അധികാരികൾ കണ്ണുതുറക്കും എന്നാണ് പ്രതീക്ഷ.

പ്രദേശവാസികൾ