mmm

കോട്ടയം: കൺമുന്നിൽ കഥപറയുന്ന തകഴിയും മുട്ടത്ത് വർക്കിയും കാരൂരും. ലോകത്തിലെ ആദ്യ പ്രണയലേഖനം. ഭാഷകളുടെ ചരിത്രം, ഉദ്ഭവം. അക്ഷരം അത്ഭുതപ്പെടുക്കുന്ന അക്ഷരമ്യൂസിയം ഉദ്ഘാടനത്തിന് ഒരുങ്ങി. മറിയപ്പള്ളിയിൽ അക്ഷരമ്യൂസിയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നവംബറിൽ നടക്കും. ഛത്തീസ്ഗഡിൽ കണ്ടെടുക്കപ്പെട്ട 'ജോഗിമാരാ' ഗുഹകളിലെ ശിലാലിഖിതത്തിലാണ് ലോകത്താദ്യം പ്രണയം എഴുതപ്പെട്ടതെന്ന് കരുതുന്നു. ഈ ജോഗിമാരാ ഗുഹകളുടെ മാതൃകാ രൂപം മ്യൂസിയത്തിന്റെ മുറ്റത്തുണ്ട്. ബുക്ക് തുറക്കും പോലെയാണ് മ്യൂസിയത്തിന്റെ ഘടന. ഉൾഭാഗത്ത് ഭാഷയുടെ ഉൽപ്പത്തികാലം മുതൽ ഇന്നോളമുള്ള സകല വികാസ പരിണാമങ്ങളുടെയും സൂക്ഷ്മമായ ഏടുകൾ. തോലിലും മരവുരിയിലും കല്ലിലും വരെ എഴുതി തുടങ്ങിയ അക്ഷരങ്ങളുടെ പരിണാമം കണ്ടറിയാം. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകരും പ്രമുഖ എഴുത്തുകാരുമായ തകഴി, കാരൂർ, ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ ഹോളോഗ്രാം തിയേറ്ററിലാണ്. എ.ഐ.സാങ്കേതിക വിദ്യയിൽ തങ്ങളുടെ കഥകൾ സന്ദർശകരോട് പറയുന്ന തരത്തിലാണ് ഇവയുള്ളത്. ഇതിനു പുറമേ ഗോത്രഭാഷകളെയും മ്യൂസിയത്തിൽ രേഖപ്പെടുത്തി.

6500 ഭാഷകൾ

6500 ഭാഷകൾ ഇവിടെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും വലിയ ഡോക്യുമെന്റേഷൻ കൂടിയാണ്.

എഴുത്തുകാരുടെ അപൂർവ ചിത്രങ്ങൾ

പ്രാചീന ലിപികളുടെ മാതൃകകൾ, ആന്ധ്രയിലും ഗുജറാത്തിലും മെസപ്പൊട്ടോമിയയിലും മറ്റും ശിലായുഗ അവശിഷ്ടങ്ങളായ എഴുത്തുകാരുടെ പ്രതിമകൾ, എഴുത്തുകാരുടെ അപൂർവ ചിത്രങ്ങൾ, ഭാഷയുടെ വികാസപരിണാമങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഗ്യാലറികൾ, പഴയകാല പുസ്തകങ്ങൾ, കേരളത്തിലെ അക്ഷരത്തിന്റെ പരിണാമ രീതികൾ, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങൾ തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് ആദ്യഘട്ടത്തിൽ മ്യുസിയത്തിലുള്ളത്.

രണ്ടാം ഘട്ടത്തിൽ

അച്ചടിയുടെ പാരമ്പര്യം സൂക്ഷിക്കുന്ന കോട്ടയത്തെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുള്ള ലെറ്റർ ടൂറിസം, ബുക്ക് ഷോപ്പ് കഫേറ്റീരിയ, മലയാള സാഹിത്യത്തിന്റെ വളർച്ച വിവരിക്കുന്ന ഗ്യാലറികൾ തുടങ്ങിയവ രണ്ടാംഘട്ട പ്രവർത്തനങ്ങളായി ഉണ്ടാകും. സഹകരണ വകുപ്പാണ് നാലരയേക്കറിൽ മ്യൂസിയം ഒരുക്കിയത്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിനാണ് പ്രവർത്തനചുമതല.