kurichi

കോട്ടയം : സമൂഹത്തിലെ ജീർണതയും അസമത്വവും ഇല്ലാതാക്കാൻ ഗുരുദർശനത്തിന്റെ ശക്തി ഇപ്പോഴും പ്രസക്തമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം പ്രാവർത്തികമാക്കിയ ശിഷ്യനായിരുന്നു സ്വാമി ശ്രീനാരായണ തീർത്ഥരെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. നവതി സ്മരണിക തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്‌കൂൾ മാനേജർ സ്വാമി വിശാലാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്തു. വി.ജയകുമാർ, സി.കെ ശശിധരൻ, കുറിച്ചി സദൻ, സി.കെ കുര്യാക്കോസ്, ടി.എസ് സലിം, എസ്.ടി.ബിന്ദു, ജെ.നിമ്മി എന്നിവർ പങ്കെടുത്തു. പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ അദ്ധ്യാപകരെ ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദയും വിവിധ മേഖലകളിൽ പ്രഗത്ഭരായ പൂർവവിദ്യാർത്ഥികളെ സ്വാമി വിശാലാനന്ദയും ആദരിച്ചു. പി.കെ ശ്രീനിവാസൻ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഡോ.വി.കെ ഭാസ്‌ക്കരൻ, മോഹൻ ഡി.കുറിച്ചി, എൻ.ഡി ബാലകൃഷ്ണൻ, ബിനു കെ.ബാലകുമാർ എന്നിവർ പങ്കെടുത്തു.