footpath

പാലാ: നഗരത്തിലെ ഫുട്പാത്തിലെ കയ്യേറ്റം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. വിവരാവകാശ പ്രകാരം കൊടുത്ത മറുപടിയിലും കയ്യേറ്റമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

നഗരത്തിലെ വിവിധ റോഡുകളിൽ അനധികൃത കയ്യേറ്റം നടന്നുവരികയാണ്. ഉദ്യോഗസ്ഥ പ്രമാണിമാരുള്ള സിവിൽ സ്റ്റേഷന് തൊട്ടുമുന്നിൽ ഓട്ടോസ്റ്റാന്റിന് എതിർവശം ഫുട്പാത്തിലെ ഓടയ്ക്ക് മുകളിൽ ഒരുകോൺക്രീറ്റ് തിട്ട വച്ചിട്ടുണ്ട്. ഇതിൽതട്ടി വിദ്യാർത്ഥികൾക്കും മറ്റ് കാൽനടയാത്രക്കാർക്കും പരിക്ക് പറ്റുന്നത് പതിവാണ്. മാത്രവുമല്ല ഇവിടെയൊരു കടയുടെ ബോർഡ് വച്ചിരിക്കുന്നതും ഒന്നരമീറ്റർ റോഡിലേക്ക് തള്ളിയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പി.ഡബ്ല്യു.ഡി. അതിർത്തി കല്ലിട്ടിരിക്കുന്നതും കടന്നാണ് ഇവിടെ സ്വകാര്യ കടയുടെ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

ഫുട്പാത്ത് കയ്യേറിയുള്ള അനധികൃത നിർമ്മാണത്തെപ്പറ്റി പാലാ പൗരാവകാശ സമിതി പ്രസിഡന്റ്‌ ജോയി കളരിക്കൽ കഴിഞ്ഞ ഓഗസ്റ്റ് 22 ന് നഗരസഭ ചെയർമാന് പരാതി കൊടുത്തിരുന്നു. എന്നാൽ മറുപടി ഉണ്ടായില്ല. ഇതേ തുടർന്ന്‌ ജോയി കളരിക്കൽ നഗരസഭ സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം സെപ്റ്റംബർ 19 ന് അപേക്ഷ കൊടുത്തു. ഇതിനുള്ള മറുപടി ഒക്‌ടോബർ 17ന് ലഭിച്ചു. ജോയിയുടെ പരാതിയിൻമേൽ നഗരസഭ ആരോഗ്യവിഭാഗം ഓഗസ്റ്റ് 24ന് സ്ഥല പരിശോധന നടത്തിയെന്നും പ്രാഥമിക പരിശോധനയിൽ തന്നെ പാതയോരത്തിനോട്‌ ചേർന്ന് നടപ്പാതയിൽ യാത്രാതടസം ഉണ്ടാക്കുന്ന രീതിയിൽ സ്ലാബ് നിർമ്മിച്ചതായി കണ്ടെത്തിയെന്നും പറയുന്നു. ഇതുസംബന്ധിച്ച് തുടർപരിശോധനകൾക്കായി പരാതി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ശുപാർശ ചെയ്‌തെന്നും പറയുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഇതിൻമേൽ യാതൊരു നടപടിയും ഉണ്ടായില്ല എന്നുള്ളതാണ് വസ്തുത. ഗുരുതരമായ നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്തതെന്തെന്ന് വിശദീകരിക്കാൻ അധികാരികൾക്ക് കഴിയുന്നുമില്ല.

ധർണ സമരം നടത്തും: ജോയി കളരിക്കൽ

നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ രാവിലെ 10 ന് അനധികൃത നിർമ്മാണമുള്ള സ്ഥലത്ത് ഒറ്റയാൾ സമരം നടത്തുമെന്ന്‌ ജോയി കളരിക്കൽ പറഞ്ഞു. സമാന ചിന്താഗതിയുള്ള മറ്റുള്ളവരും സമരത്തെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ജോയി കളരിക്കൽ പറഞ്ഞു.