ഏറ്റുമാനൂർ: വർഷങ്ങളായി തകർന്നു കിടന്ന ചുമട് താങ്ങി മാളോല റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് മന്ത്രി വി.എൻ വാസവൻ പി.ഡബ്ല്യു.ഡി അധികൃതർക്ക് നിർദേശം നൽകി. 2.3 കിലോമീറ്റർ വരുന്ന ചുമടുതാങ്ങി കുരിച്ചിറ, മാളോല റോഡ് ഏറ്റുമാനൂർ കടുത്തുരുത്തി നിയോജക മണ്ഡങ്ങളുടെയും പി.ഡബ്ല്യു.ഡി ഡിവിഷനുകളുടെയും അതിർത്തി പങ്കിടുന്ന ഭാഗത്താണ്. നിരവധി സ്‌കൂളുകളും ആരാധനാലയങ്ങളും ജനത്തിരക്കുമുള്ള റോഡ് നന്നാക്കണമെന്നത് നാടിന്റെ പൊതുവായ ആവശ്യമായിരുന്നു. ഏറ്റുമാനൂർ നഗരസഭ മുൻ ചെയർമാൻ ജോയി ഊന്നുകല്ലേൽ ആവശ്യം ഉന്നയിച്ചു മന്ത്രി വി.എൻ വാസവന് നിവേദനം നൽകിയിരുന്നു. ഇതേതുടർന്ന് റോഡിന്റെ അവസ്ഥ നേരിട്ട് മനസിലാക്കിയ മന്ത്രി പി.ഡബ്ല്യു.ഡി അധികൃതരെ ബന്ധപ്പെടുകയും അടിയന്തരമായി റോഡ് ഏറ്റെടുത്ത് നന്നാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് നിർദേശിച്ചു. മണ്ഡലത്തിലെ എല്ലാ പി.ഡബ്ല്യു.ഡി റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.