വൈക്കം: വൈപ്പിൻപടി ടി.വി പുരം റോഡിൽ മണ്ണത്താനം ജംഗ്ഷനിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്ന് സി.പി.ഐ മണ്ണത്താനം ബ്രാഞ്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഈ റോഡ് ആധുനിക നിലവാരത്തിൽ പണി കഴിപ്പിച്ചത്. റോഡ് നിർമ്മാണത്തിനിടയിൽ പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ട് പി ഡബ്ല്യു ഡി അധികാരികളുടെ ശ്രദ്ധയിൽ പലവട്ടം അവതരിപ്പിച്ചതാണ്. വർഷങ്ങളായി ഈ ജംഗ്ഷനിലെ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ്. ഇതൊക്കെയും ബോദ്ധ്യമുള്ള പി ഡബ്ല്യു ഡി അധികൃതർ കോടിക്കണക്ക് രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡിൽ ഫല പ്രദമായ ഓട നിർമ്മിക്കാതിരുന്നത് ജനങ്ങൾക്കിടയിൽ വലിയ എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു മഴ പെയ്താൽ സമീപവീടുകളിൽ വെള്ളം കയറുന്നത് നിത്യസംഭവമാണ്. അടിയന്തിരമായി പ്രദേശത്ത് ഓട നിർമ്മിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ സമരപരിപാടികൾ ആരംഭിക്കുമെന്നും സി.പി.ഐ നേതാക്കൾ പറഞ്ഞു. പി. വി.സുദർശനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, ലോക്കൽ സെക്രട്ടറി എസ്. ബിജു, ബ്രാഞ്ച് സെക്രട്ടറി ടി.കെ മധു, ജീനാ തോമസ് എന്നിവർ പ്രസംഗിച്ചു.